പാറ്റ്ന: യൂണിഫോമിനുള്ള പണം നൽകാത്തതിന് ബിഹാറിൽ അധ്യാപിക വിദ്യാർഥിനികളുടെ വസ്ത്രം പിതാവിന്റെ മുന്നിൽവച്ച് അഴിച്ചെടുത്തു. ബിഹാറിലെ ബഗുസരായി ജില്ലയിലായിരുന്നുസംഭവം. സഹോദരിമാരായ രണ്ടു പെൺകുട്ടികളുടെ വസ്ത്രമാണ് പ്രധാനാധ്യാപിക ഉരിഞ്ഞെടുത്തത്. വിർപുർ ഗ്രാമത്തിൽനിന്നുള്ള ദരിദ്രകുടുംബത്തിലെയാണ് പെൺകുട്ടികൾ. പെൺകുട്ടികളുടെ പിതാവിന്റെ പരാതിയിൽ അധ്യാപിക അഞ്ജന കുമാരിയെയും സ്കൂൾ ഡയറക്ടർ എൻ.കെ ഝായെയും പോലീസ് അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ ഇരുവരേയും ജുഡീഷൽ കസ്റ്റഡിയിൽവിട്ടു.
വെള്ളിയാഴ്ച ഉച്ചക്ക് കുട്ടികളെ കൂട്ടികൊണ്ടുപോകാൻ പിതാവ് സ്കൂളിൽ എത്തിയപ്പോഴായിരുന്നു സംഭവം. അധ്യാപിക അഞ്ജന കുമാരി കാണണമെന്ന് ആവശ്യപ്പെട്ടതായി ഇളയകുട്ടി തന്നോട് പറഞ്ഞു. അധ്യാപികയെ കണ്ടപ്പോൾ യൂണിഫോമിനുള്ള പണം അടയ്ക്കാൻ ആവശ്യപ്പെട്ടു. എന്നാൽ തന്റെ പക്കൽ പണമില്ലെന്ന് അധ്യാപികയെ അറിയിച്ചു. അധ്യാപിക കൂടുതൽ നിർബന്ധിച്ചതോടെ ജൂണിൽ തന്നെ പണമടയ്ക്കാമെന്ന് അറിയിച്ചു.
ഇത് ചെവിക്കൊള്ളാതെ അധ്യാപിക തന്റെ മുന്നിൽവച്ചുതന്നെ കുട്ടികളുടെ യൂണിഫോം അഴിച്ചെടുത്തെന്ന് പെൺകുട്ടികളുടെ പിതാവ് പറയുന്നു. ഇതോടെ സ്കൂൾ ഡയറക്ടറെ പരാതിയുമായി സമീപിച്ചെങ്കിലും ഇദ്ദേഹവും തന്നെ ശകാരിക്കുകയും അർധനഗ്നരായ കുട്ടികളുമായി വീട്ടിൽപോകാൻ ആവശ്യപ്പെട്ടതായി പെൺകുട്ടികളുടെ പിതാവ് പറയുന്നു.