ബംഗളൂരു: സ്കൂൾ വിദ്യാർഥികളുടെ ബാഗുകളുടെ ഭാരം കുറയ്ക്കണമെന്ന വിദ്യാഭ്യാസ വകുപ്പിന്റെ നിർദേശം അവഗണിക്കുന്ന സ്കൂളുകൾക്കെതിരേ കർശന നടപടിക്കൊരുങ്ങി അധികൃതർ. സ്കൂളുകളിൽ മിന്നൽ പരിശോധന നടത്താൻ പ്രത്യേക സംഘത്തെ നിയോഗിക്കാനാണ് സർക്കാർ ഒരുങ്ങുന്നത്. മാസത്തിലൊരിക്കൽ ബാഗില്ലാ ദിനമായി ആചരിക്കുന്നുണ്ടോ എന്നും സംഘം പരിശോധിക്കും.
കുട്ടികൾ ചുമക്കുന്ന ബാഗിന്റെ ഭാരം അവരുടെ ശരീരഭാരത്തിന്റെ പത്തു ശതമാനത്തിൽ കൂടരുതെന്നാണ് പ്രൈമറി ആൻഡ് സെക്കൻഡറി എഡ്യുക്കേഷൻ വകുപ്പ് പുറത്തിറക്കിയ ഉത്തരവിൽ പറയുന്നത്. സംസ്ഥാനത്തെ എല്ലാ സർക്കാർ, എയ്ഡഡ്, സ്വകാര്യ അൺഎയ്ഡഡ് സ്കൂളുകൾക്കും ഈ ഉത്തരവ് ബാധകമാണ്.
വിദ്യാർഥികൾ അവരുടെ ശരീരഭാരത്തിന് ആനുപാതികമായതിലും കൂടുതൽ ഭാരമുള്ള സ്കൂൾബാഗാണ് ചുമക്കേണ്ടിവരുന്നതെന്ന് പരാതികളുയർന്നിരുന്നു. ഈ സാഹചര്യത്തിൽ സ്കൂൾ ബാഗുകളുടെ ഭാരം കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട് പഠനം നടത്താൻ സർക്കാർ വിദഗ്ധസമിതി രൂപീകരിക്കുകയും ചെയ്തിരുന്നു.
ഡോ. നിരഞ്ജനാരാധ്യ അധ്യക്ഷനായ ഈ സമിതി നല്കിയ ശിപാർശയുടെ അടിസ്ഥാനത്തിലാണ് പുതിയ ഉത്തരവ്. കൂടാതെ മാസത്തിൽ മൂന്നാം ശനിയാഴ്ച നോ ബാഗ് ഡേ ആയി ആചരിക്കണമെന്നും ഉത്തരവിൽ പറയുന്നു. പുതിയ ഉത്തരവ് പ്രകാരം ഒന്ന്, രണ്ട് ക്ലാസുകളിൽ പഠിക്കുന്ന കുട്ടികളുടെ ബാഗിന്റെ ഭാരം ഒന്നരക്കിലോ മുതൽ രണ്ടുവരെയേ പാടുള്ളൂ.
മൂന്നു മുതൽ അഞ്ചുവരെ ക്ലാസുകളിലെ കുട്ടികൾക്ക് രണ്ടുമുതൽ മൂന്നുവരെ കിലോഗ്രാം, ആറു മുതൽ എട്ടുവരെയുള്ള കുട്ടികൾക്ക് മൂന്നു മുതൽ നാലുവരെ കിലോഗ്രാം, ഒമ്പത്, പത്ത് ക്ലാസുകളിലെ കുട്ടികൾക്ക് നാലു മുതൽ അഞ്ചു വരെ കിലോഗ്രാം എന്നിങ്ങനെയാണ് ഉത്തരവിൽ പറയുന്നത്. ഒന്ന്, രണ്ട് ക്ലാസുകളിലെ കുട്ടികൾക്ക് ഗൃഹപാഠം നല്കാൻ പാടില്ലെന്നും സർക്കാർ ഉത്തരവിൽ പറയുന്നു.