നെടുമങ്ങാട് : സംസ്ഥാനത്ത് വാഹനാപകടങ്ങള്‍ വര്‍ധിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ തിരുവനന്തപുരം എന്‍ഫോഴ്സ്മെന്റ് ആര്‍ടിഒയുടെ നേതൃത്വത്തില്‍ നെടുമങ്ങാട് താലൂക്കിലെ വിവിധപ്രദേശങ്ങളില്‍ വാഹനപരിശോധന നടത്തി. പിഴവുകള്‍ കണ്ടെത്തിയ 365-വാഹനങ്ങളില്‍ നിന്നായി നാലരലക്ഷം രൂപ പിഴ ഈടാക്കി.
പ്രധാനമായും സ്കൂള്വാഹനങ്ങളാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്. ലൈസന്‍സില്ലാതെ വാഹനമോടിച്ച ഡ്രൈവര്‍മാരേയും സുരക്ഷാ മാനദണ്ഡമില്ലാതെ കുട്ടികളെ കൊണ്ടുവന്ന ഓട്ടോറിക്ഷ ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ക്കെതിരേയും നടപടി സ്വീകരിച്ചിട്ടുണ്ട്. അധികഭാരം കയറ്റിയതും നികുതി ഒടുക്കാത്തതുമായ 18-വണ്ടികൾ പിടികൂടി.
ലൈസന്‍സ് ഇല്ലാതെ വാഹനം ഓടിച്ച 15-പേര്‍ക്കെതിരേയും ഹെല്‍മറ്റ് ധരിക്കാത്ത 96-പേര്‍ക്കെതിരേയും പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ ഓടിച്ച ഏഴ് വാഹനഉടമകള്ക്കെതിരെയും എന്‍ഫോഴ്സ്മെന്റ് കേസെടുത്തു.
കൂടാതെ ഇന്‍ഷ്വറന്‍സ് ഇല്ലാത്ത 18-വണ്ടികള്‍ക്കും, സീറ്റ്ബല്‍റ്റ് ധരിക്കാത്ത 24-ഡ്രൈവര്‍മാര്‍ക്കും പിഴചുമത്തിയിട്ടുണ്ട്. തുടര്‍ന്നങ്ങോട്ട് എല്ലാമാസവും ആര്‍ഡിഒമാരുടെ നേതൃത്വത്തില്‍ കര്‍ശനമായ ട്രാഫിക്ക് പരിശോധനയുണ്ടാകുമെന്ന് എന്‍ഫോഴ്സ്മെന്റ് ആര്‍ടിഒ പറഞ്ഞു.