ഓറിഗണ്: ഏറ്റവും കൂടുതൽ സമ്മാനങ്ങൾ കൈമാറുന്ന ക്രിസ്മസ് സീസണിൽ ഓറിഗണിൽ ഒരു മുത്തച്ഛൻ തന്റെ പേരക്കുട്ടികൾക്ക് സമ്മാനമായി നൽകിയത് ഒരു സ്കൂൾ ബസ്. ഡഗ് ഹെയ്സ് എന്ന മുത്തച്ഛനാണ് വേറിട്ടൊരു സമ്മാനം നൽകി തന്റെ പത്തു പേരക്കുട്ടികളെ അത്ഭുതപ്പെടുത്തിയത്.
ഓറിഗണിലെ ഗ്ലാഡ്സ്റ്റോണിൽ കത്തോലിക്കാ സ്കൂളിൽ പഠിക്കുന്ന കുട്ടികൾക്ക് സ്കൂളിൽ പോകാനും വരാനുമാണ് അവർക്ക് സ്വന്തമായി ഒരു സ്കൂൾ ബസ് നൽകിയതെന്ന് ഡഗ് ഹെയ്സ് പറയുന്നു.
ക്രിസ്മസിന് ഏതാനും ദിവസങ്ങൾക്ക് മുന്പാണ് ’ഗ്രാൻഡ് ഫാദർ എക്സ്പ്രസ്’ എന്ന് പേരിട്ടിരിക്കുന്ന ബസ് ഹെയ്സ് കുട്ടികൾക്ക് സമ്മാനമായി നൽകിയതെന്ന് കെജിഡബ്ല്യു ചാനൽ റിപ്പോർട്ട് ചെയ്തു. എല്ലാ അവധിക്കാലത്തും കുടുംബം പല സ്ഥലങ്ങളിലും ഉല്ലാസ യാത്ര പോകാറുണ്ട്.
എന്നാൽ ഈ വർഷം സ്കൂൾ ആരംഭിച്ചതു മുതൽ അവർ നേരിടുന്ന യാത്രാ ദുരിതങ്ങൾക്ക് അറുതി വരുത്തണമെന്നു തോന്നിയതാണ് ബസ് വാങ്ങിക്കാൻ കാരണമെന്ന് മുത്തച്ഛൻ ഹെയ്സ് പറഞ്ഞു. തന്നെയുമല്ല, അവർക്ക് ജീവിതകാലം മുഴുവൻ ഓർമ്മിക്കാവുന്ന ഒന്നാവണം സമ്മാനം എന്നും തോന്നി.
ഹെയ്സിന്റെ കൊച്ചുമക്കളിൽ അഞ്ചുപേർക്ക് ഇതുവരെ സ്കൂളിൽ ചേരാൻ പ്രായമായില്ലെങ്കിലും മറ്റു അഞ്ചു പേരും ഗ്ലാഡ്സ്റ്റോണിലെ പെഡിയ ക്ലാസിക്കൽ ക്രിസ്ത്യൻ സ്കൂളിലെ വിദ്യാർഥികളാണ്. ഈ അർദ്ധദിന സ്കൂൾ കിന്റർഗാർടൻ മുതൽ പ്ലസ്ടു വരെയുള്ള വിദ്യാർഥികൾക്ക് പ്രത്യേകമായ ഒരു പാഠ്യപദ്ധതിയാണ് നൽകുന്നത്. അവർ അവിടെ ചെലവഴിക്കുന്ന നാലു മണിക്കൂറുകൾക്ക് പുറമേ വീട്ടിൽ സ്വയം ചെയ്യാവുന്ന പഠന സന്പ്രദായമാണ് സ്കൂൾ നൽകിയിരിക്കുന്നത്.
എല്ലാ കുട്ടികളും 20 മിനിറ്റ് ഡ്രൈവിനുള്ളിലാണ് താമസിക്കുന്നതെന്നും, സ്കൂൾ തന്റെ വീട്ടിൽ നിന്ന് മൂന്നു മൈൽ അകലെയാണെന്നും, അതിനാൽ രാവിലെ കുട്ടികളെ പിക്ക്അപ് ചെയ്യാനും തിരിച്ചു വീട്ടിലേക്ക് കൊണ്ടുവരാനുമുള്ള റൂട്ട് തയ്യാറാക്കുന്നത് എളുപ്പമായിരിക്കുമെന്നും അദ്ദേഹം സിഎൻഎന്നിനോട് പറഞ്ഞു.
ജനുവരിയിൽ സ്കൂൾ തുറക്കുന്പോൾ കുട്ടികൾ ’ഗ്രാൻഡ് ഫാദർ എക്സ്പ്രസിൽ’ യാത്ര ചെയ്യാൻ ആവേശത്തോടെ കാത്തിരിക്കുകയാണെന്ന് കെജിഡബ്ല്യു റിപ്പോർട്ട് ചെയ്തു.
ഈ വർഷം ആദ്യം ഭാര്യയുമായി നടത്തിയ സംഭാഷണത്തിൽ നിന്നാണ് ബസ് വാങ്ങാനുള്ള ആശയം വന്നതെന്ന് ഹെയ്സ് സിഎൻഎന്നിനോട് പറഞ്ഞു. തന്റെ ലക്ഷ്യങ്ങളെക്കുറിച്ച് ചോദിച്ചപ്പോൾ, തന്റെ കൊച്ചുമക്കളോടൊപ്പം കൂടുതൽ സമയം ചെലവഴിക്കാൻ ഒരു വഴി കണ്ടെത്തണമെന്ന് അദ്ദേഹം പറഞ്ഞു. ക്രമേണ, എല്ലാ ദിവസവും രാവിലെ അവരെ സ്കൂളിലേക്ക് കൊണ്ടുപോകുക എന്ന ആശയമാണ് പരിഹാരമായി ഉയർന്നുവന്നത്.
അടുത്ത വർഷം രണ്ടു കുട്ടികൾ കൂടി സ്കൂളിൽ ചേരും. അപ്പോൾ മൊത്തം യാത്രക്കാരുടെ (കുട്ടികളുടെ) എണ്ണം ഏഴാകും. ക്രമേണ, കൊച്ചുമക്കളിൽ പത്തുപേരേയും എല്ലാ ദിവസവും ’മുത്തച്ഛൻ എക്സ്പ്രസിൽ’ സ്കൂളിലേക്ക് കൊണ്ടുപോകും.
പേരക്കുട്ടികളുമായി ഏറെ അടുക്കാനും അവരുമായി കൂടുതൽ സമയം ചെലവഴിക്കാനും ഒരു വഴി കണ്ടെത്തിയ സന്തോഷത്തിലാണ് ഡഗ് ഹെയ്സ്. രെവീീഹബയൗബെ2019റലര27.ഷുഴ
റിപ്പോർട്ട്: മൊയ്തീൻ പുത്തൻചിറ