നാദാപുരം: വാണിമേല്‍ എംയുപി സ്കൂളില്‍ വിദ്യാര്‍ഥികള്‍ക്ക് കഴിക്കാന്‍ സൂക്ഷിച്ച കടലയില്‍ അജ്ഞാത വസ്തു . പോലീസും ആരോഗ്യ വകുപ്പും അന്വേഷണം തുടങ്ങി. സ്ക്കൂളിലെ അടുക്കള പുരയിലെ പാത്രത്തില്‍ സൂക്ഷിച്ച കടലയിലാണ് തുണിയില്‍ പൊതിഞ്ഞ നിലയില്‍ ചാര നിറത്തോട് കൂടിയ പൊടി കണ്ടെത്തിയത്.
ചൊവ്വാഴ്ച്ച രാവിലെ എട്ട് മണിയോടെയാണ് സംഭവം.സ്ക്കൂളിലെ പാചകക്കാരി തിങ്കളാഴ്ച്ച കടല വെള്ളത്തിലിട്ട് പാത്രം മൂടി വെച്ചതായിരുന്നു. സ്കൂള്‍ അധികൃതര്‍ വിവരം ആരോഗ്യ വകുപ്പിലും, വളയം പോലീസിലും അറിയിക്കുകയായിരുന്നു.
തുടര്‍ന്ന് എ ഇ ഒ,ഭക്ഷ്യ സുരക്ഷാ വിഭാഗം അധികൃതര്‍ എന്നിവര്‍ സ്ക്കൂലിലെത്തി പരിശോധന നടത്തുകയും പൊടി എന്തെന്നറിയാന്‍ കോഴിക്കോട് ലാബിലേക്ക് അയക്കുകയും ചെയ്തു.സ്കൂള്‍ കോമ്പൗണ്ടിനകത്ത് കയറിയ ആരോ തുണിയില്‍ പൊതിഞ്ഞ വസ്തു കടലയുടെ പാത്രത്തില്‍ ഇട്ടതാവാമെന്ന നിഗമനത്തിലാണ് പോലീസ്.