കോഴിക്കോട്: ആഴ്ച്ചവട്ടം ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ കിണറില്‍ പെയിന്റ് ഒഴിച്ചവരെ കണ്ടെത്താനാവാതെ പോലീസ്. സംഭവം നടന്നിട്ട് ഒരാഴ്ചാവാറായിട്ടും പ്രതിയാരെന്ന് കണ്ടെത്താന്‍ പോലീസിന് സാധിച്ചിട്ടില്ല.
എല്‍പി മുതല്‍ ഹയര്‍ സെക്കന്‍ഡറി വരെയുള്ള സ്കൂള്‍ വളപ്പിലെ കിണറിലാണ് അജ്ഞാതര്‍ ചുവപ്പു നിറത്തിലുള്ള ദ്രാവകം ഒഴിച്ചത്. രണ്ടായിരത്തോളം വിദ്യാര്‍ഥികള്‍ ദിവസവും ഈ കിണറിലെ വെള്ളമായിരുന്നു ഉപയോഗിച്ചിരുന്നത്.
ഭക്ഷണം പാകം ചെയ്യാനും ഇതേ വെള്ളം തന്നെയാണ് ഉപയോഗിക്കുന്നത്. വെള്ളം ഉപയോഗിക്കാന്‍ പറ്റാത്ത സാഹചര്യമായതിനാല്‍ സ്കൂളിനു രണ്ടു ദിവസം അവധി നല്‍കേണ്ട അവസ്ഥയിലായിരുന്നു അധികൃതര്‍.
തുടര്‍ന്ന് കിണര്‍ വെള്ളം വറ്റിക്കുകയും വെള്ളം ശുചീകരിക്കുകയും ചെയ്തതിന് ശേഷമാണ് നിലവില്‍ ഉപയോഗിച്ച് വരുന്നത്. ഇക്കഴിഞ്ഞ 14 ന് രാവിലെ എട്ടരയോടെയാണു അധ്യാപകര്‍ കിണറ്റിലെ വെള്ളത്തില്‍ ചുവന്ന ദ്രാവകം കലര്‍ന്നത് കണ്ടത്.
രാവിലെ പിഎസ് സി പരീക്ഷ ഉണ്ടായിരുന്നതിനാല്‍ പ്രിന്‍സിപ്പലും അധ്യാപകരും നേരത്തെ സ്കൂളിലെത്തിയിരുന്നു. അതിനാല്‍ വിദ്യാര്‍ഥികള്‍ എത്തും മുമ്പേ കിണറ്റിലെ മാലിന്യം കണ്ടു. ഇതിനു മുന്‍പും സ്കൂളിനു നേരെ സാമൂഹിക വിരുദ്ധരുടെ ശല്യം ഉണ്ടായിട്ടുണ്ട്.
അന്ന് ക്ലാസ് മുറിയില്‍ തീയിട്ടായിരുന്നു അധ്യയനം മുടക്കാന്‍ ശ്രമിച്ചത്. സംഭവം നടന്ന ഒരാഴ്ചയാവാറായിട്ടും അന്വേഷണത്തില്‍ ഒരു പുരോഗമനവുമില്ലാത്തതില് സ്കൂള്‍ പിടിഎ പ്രതിഷേധമറിയിച്ചു.
സ്കൂള്‍ പ്രിന്‍സിപ്പള്‍ ബീനപൂവ്വത്തിലും പിടിഎ ഭാരവാഹികളും കസബ പോലീസ് സ്റ്റേഷനില്‍ നേരിട്ട് ചെന്ന് കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ടു.
വിദ്യാര്‍ത്ഥികളുടെ സുരക്ഷ പരിഗണിച്ച് സ്ക്കൂളില്‍ കോര്പ്പറേഷന് കുടിവെള്ളത്തിന്റെ കണക്ഷന് എടുക്കുന്ന കാര്യം ആലോചിക്കുന്നുണ്ട്.