കൂട്ടിക്കൽ: കൂട്ടിക്കലിന്റെ ചരിത്രത്തോളം പ്രായമുള്ള കൂട്ടിക്കൽ സിഎംഎസ് സ്കൂളിനുമറിയില്ല മുന്പെങ്ങും ഇതുപോലൊരു പ്രളയം.
പുല്ലകയാറിന്റെ തീരത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നതെങ്കിലും ഇത്തവണമാത്രമാണ് പ്രളയം സ്കൂളിനെ മുക്കിയത്.
പ്രളയത്തിൽ സ്കൂൾ രജിസ്റ്റർ അടക്കമുള്ള എല്ലാ രേഖകളും വെള്ളം കയറി നശിച്ചു. സ്കൂളിലെ മേൽക്കൂരയ്ക്കൊപ്പം വെള്ളം പൊങ്ങിയിരുന്നു.
132 വർഷത്തോളം പഴക്കമുണ്ടെങ്കിലും ഇത്തരമൊരു വെള്ളപ്പൊക്കം ഇതാദ്യമായാണ്.
ഡിസിസിയായി പ്രവർത്തിച്ചിരുന്ന സ്കൂളിലെ ബെഞ്ചും ഡെസ്കുകളും പുറത്തിട്ടിരിക്കുകയായിരുന്നു. ഇവ പലതും പ്രളയത്തിൽ ഒലിച്ച് പോയി.
ഹെൻറി ബേക്കർ ജൂണിയർ 1889 ൽ സ്ഥാപിച്ച സ്കൂളിൽ ആദ്യമായിട്ടാണ് ഇത്ര വലിയ വെള്ളപ്പൊക്കം ബാധിക്കുന്നത്.
രണ്ട് അലമാരകളിലായി സൂക്ഷിച്ചിരുന്ന സ്കൂളിലെ അടിസ്ഥാന രേഖകൾ അടക്കം കംപ്യൂട്ടർ, പ്രൊജക്ടർ, പ്രിന്റർ, ഫാനുകൾ തുടങ്ങി മുഴുവൻ ഇലക്ട്രോണിക് ഉപകരണങ്ങളും നശിച്ചു.
വർഷങ്ങൾ പഴക്കമുള്ളതായതിനാൽ പലതും ഉണക്കിയെടുക്കാൻ പോലും കഴിയുന്നില്ല.
കഴിഞ്ഞ ദിവസമാണ് അലമാരയടക്കമുള്ള കഴുകി വൃത്തിയാക്കിയത്. തൊണ്ണൂറോളം വിദ്യാർഥികൾ പഠിക്കുന്ന സ്കൂളിൽ രേഖകളായി ഇനി ഒന്നും അവശേഷിക്കുന്നില്ല.
എല്ലാം ഒന്നിൽ നിന്ന് തുടങ്ങണമെന്ന് പ്രധാനധ്യാപികയായ സൂസൻ തോമസ് പറയുന്നു.
നിമിഷനേരം കൊണ്ട് വെള്ളം ഉയർന്ന് കരകവിഞ്ഞൊഴുകിയതോടെ പ്രദേശത്തേക്ക് എത്തിപ്പെടാൻ പോലും ആർക്കും കഴിഞ്ഞില്ലെന്ന് സ്കൂൾ അധികൃതർ പറയുന്നു