മുക്കം: സംസ്ഥാനത്ത് സ്കൂളുകൾ തുറക്കാൻ സർക്കാർ തകൃതിയായി ഒരുക്കങ്ങൾ നടത്തുമ്പോൾ നിരവധി സ്കൂളുകളിൽ പ്രധാനാധ്യാപകരില്ലാത്തത് പ്രതിസന്ധിയാവും.
കഴിഞ്ഞ രണ്ട് വർഷത്തോളമായി കേരളത്തിൽ പ്രധാനാധ്യാപകരില്ലാത്ത രണ്ടായിരത്തോളം സർക്കാർ സ്കൂളുകളുടെ കാര്യത്തിൽ കനത്ത ആശങ്കയാണ് നിലനിൽക്കുന്നത്.
നിലവിൽ സ്കൂളുകളിലെ സീനിയർ അധ്യാപകരാണ് പ്രധാനാധ്യാപകരുടെ ചുമതല വഹിക്കുന്നത്. സ്കൂളുകൾ തുറക്കുന്നതോടെ ഇവർക്ക് പ്രധാനാധ്യാപകരുടെ ചാർജിനൊപ്പം തന്നെ ക്ലാസുകൾ കൂടി എടുക്കേണ്ടതായി വരും.
ഇതു വലിയ പ്രതിസന്ധിക്കും കാരണമാവും. മാത്രമല്ല ഒട്ടുമിക്ക സ്കൂളുകളിലും അധ്യാപകരുടെയും നിരവധി ഒഴിവുകളാണ് ഉള്ളത്. ഇത് നികത്താനും നടപടിയായില്ല.
ഇതോടെ പിടിഎ കമ്മിറ്റികളുടെയെല്ലാം നേതൃത്വത്തിൽ ഓൺലൈൻ ക്ലാസുകൾക്കായി താത്കാലിക അധ്യാപകരെ നിയമിക്കുകയായിരുന്നു.
ഒരു സ്കൂളിൽ തന്നെ ഇത്തരത്തിൽ അഞ്ച് മുതൽ 10 വരെ അധ്യാപകരെയെങ്കിലും നിയമിക്കേണ്ട സാഹചര്യമുണ്ട്.
ഇവർക്ക് 5000 രൂപയെങ്കിലും മാസശമ്പളം നൽകാനായി വലിയ സാമ്പത്തിക ബാധ്യതയാണ് പിടിഎ കമ്മിറ്റികൾക്കും ഉണ്ടാവുന്നത്.
സ്കുളുകൾ തുറന്ന് കഴിഞ്ഞാൽ ഇത്രയും കുറഞ്ഞ ശമ്പളത്തിന് ജോലി ചെയ്യാൻ താത്കാലികാധ്യാപകർ തയാറായെന്നും വരില്ല.
നിലവിൽ മുൻ വർഷങ്ങളെപ്പോലെ താത്കാലികാധ്യാപകരെ ദിവസ വേതനാടിസ്ഥാനത്തിൽ നിയമിക്കുന്നതിന് സർക്കാർ അനുമതിയും നൽകിയിട്ടില്ലന്നാണറിവ്.
ഇതോടെ എന്ത് ചെയ്യണമെന്നറിയാതെ പ്രതിസന്ധിയിലായിരിക്കുകയാണ് പിടിഎ കമ്മിറ്റികളും.
കോഴിക്കോട് ജില്ലയിൽ മാത്രം 151 പ്രൈമറി സ്കൂളുകളിൽ പ്രധാനധ്യാപകരില്ലാത്ത അവസ്ഥയാണ്.
മുക്കം ഉപജില്ലയിൽ നാല് യുപി സ്കൂളുകളിലും ആറ് എൽപി സ്കൂളുകളിലുമായി 10 വിദ്യാലയങ്ങളിലും പ്രധാനാധ്യാപകരില്ല.
കോടതിയിൽ കേസാണെന്ന് സർക്കാർ പറയുമ്പോഴും യോഗ്യതാടെസ്റ്റ് പാസായ അധ്യാപകരെ പ്രൈമറി ഹെഡ്മാസ്റ്റർമാരായി നിയമിക്കുന്നതിൽ യാതൊരു നിയമ തടസവുമില്ല എന്നതാണ് വാസ്തവം.