തിരുവനന്തപുരം: കോവിഡ് -19 ന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ സ്കൂൾ തുറക്കൽ ജൂണ്‍ ഒന്നിനു നടത്താൻ സാധ്യതയില്ലെന്നു വിദ്യാഭ്യാസ വകുപ്പ്.
കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ നിർദേശം അനുസരിച്ച് തീരുമാനം കൈക്കൊള്ളുമെന്നു വിദ്യാഭ്യാസ വകുപ്പ് സർക്കുലറിൽ അറിയിച്ചു. എന്നാൽ ഓൺലൈൻ ക്ലാസുകൾ ജൂൺ ഒന്നിനു തുടങ്ങും. ഒന്നു മുതൽ 12 വരെ ക്ലാസുകൾക്കാണിത്. 11-ാം ക്ലാസിന് ഓൺലൈൻ ക്ലാസ് ഇല്ല. വിക്ടേഴ്സ് ചാനൽ വഴി ക്ലാസ് സംപ്രേഷണം ചെയ്യും.
പൊതുവിദ്യാഭ്യാസ വകുപ്പിന്റെ മേൽനോട്ടത്തിൽ എസ്സിഇആർടി, കൈറ്റ്, എസ്എസ്കെ, എസ്ഐഇടി എന്നീ ഏജൻസികൾ പാഠഭാഗങ്ങൾ തയാറാക്കി സംപ്രേഷണം നടത്തുന്നതിന് കേരളാ ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്നോളജി ഫോർ എഡ്യൂക്കേഷനു(കൈറ്റ്) ലഭ്യമാക്കേണ്ടതാണ്. മുൻകൂട്ടി പ്രഖ്യാപിക്കുന്ന സമയങ്ങളിലാണ് ഓരോ ക്ലാസിലേയ്ക്കുമുള്ള പ്രക്ഷേപണം നടത്തേണ്ടത്.
സംപ്രേഷണ ക്രമീകരണങ്ങൾ കൈറ്റ് ഒരുക്കണം. ഷെഡ്യൂൾ വെബ്സൈറ്റ്, കൈറ്റ് വിക്ടേഴ്സ് ചാനൽ, സാമൂഹിക മാധ്യമങ്ങൾ തുടങ്ങിയവയിലൂടെ കൈറ്റ് പ്രസിദ്ധീകരിക്കണം. ടിവി, സ്മാർട്ട് ഫോണ്‍, ഇന്റർനെറ്റ് തുടങ്ങിയ സൗകര്യങ്ങൾ ഇല്ലാത്ത കുട്ടികൾക്കും ക്ലാസുകൾ കാണാൻ അവസരമൊരുക്കേണ്ടതാണ്.
അതിനായി ക്ലാസ് ടീച്ചർ കുട്ടിയുമായി ആശയവിനിമയം നടത്തി പ്രഥമാധ്യാപകരുമായി ആലോചിച്ച് ക്ലാസുകൾ കാണുന്നതിന് ബദൽ സംവിധാനം ഒരുക്കണം.
ഓരോ ക്ലാസിന്റെയും സംപ്രേഷണത്തിനു മുമ്പും ശേഷവും ക്ലാസ് ടീച്ചർമാർ സോഷ്യൽ മീഡിയയോ ഫോണോ മറ്റു മാർഗങ്ങളോ അപയോഗിച്ച് ക്ലാസുകളിലെ കുട്ടികളുമായി ആശയവിനിമയം നടത്തേണ്ടതാണെന്നും സർക്കുലറിൽ വ്യക്തമാക്കുന്നു.
സ്കൂൾ തുറന്ന് പ്രവർത്തിക്കുന്ന ഘട്ടത്തിൽ മാത്രം അധ്യാപകർ സ്കൂളുകളിൽ എത്തിയാൽ മതിയെന്നു ക്യുഐപി യോഗത്തിൽ തീരുമാനിച്ചു.
കുട്ടികൾക്ക് ക്ലാസുകൾ യഥാസമയം കാണാനവസരം ലഭ്യമായില്ലെങ്കിൽ, സൗകര്യപ്പെടുന്ന സമയത്ത് കാണുന്നതിന് സോഷ്യൽ മീഡിയയിൽ അവസരം ഉണ്ടാകും. ഓണ്‍ലൈൻ ക്ലാസുകൾ രാവിലെ 8.30 മുതൽ വൈകുന്നേരം 5.30 വരെയാണ്.
ജൂണ്‍ ഒന്നുമുതൽ ആദ്യത്തെ ഒരാഴ്ച നടത്തുന്ന ക്ലാസുകളുടെ അടിസ്ഥാനത്തിൽ ഓണ്‍ലൈൻ ക്ലാസുകളുടെ ലഭ്യത സംബന്ധിച്ച് സ്കൂളുകൾക്ക് വിലയിരുത്താം.
എസ്എസ്എൽസി, പ്ലസ്ടു മൂല്യനിർണയം ജൂണ്‍ ഒന്നു മുതൽ
തിരുവനന്തപുരം: എസ്എസ്എൽസി, ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർസെക്കൻഡറി ഉത്തരക്കടലാസ് മൂല്യനിർണയം ജൂണ്‍ ഒന്നിന് ആരംഭിക്കാൻ ഇന്നലെ ചേർന്ന ക്യുഐപി യോഗത്തിൽ തീരുമാനം.
രണ്ടാം ഘട്ടത്തിലെ എസ്എസ്എൽസി കണക്ക്, ഫിസിക്സ്, കെമിസ്ട്രി വിഷയങ്ങളുടെ മൂല്യനിർണയത്തിന് ജില്ലാ തലത്തിലാണ് ക്യാമ്പുകൾ ആരംഭിക്കുന്നത്. കോവിഡ് രോഗ പ്രതിരോധ പ്രവർത്തനങ്ങൾക്ക് ജില്ലാ കളക്ടർമാർ ചുമതലപ്പെടുത്തിയ അധ്യാപകർ മൂല്യനിർണയത്തിനെത്തേണ്ടതില്ല.