തൊടുപുഴ: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ലോക്ക് ഡൗണ് നീളുന്നതിനിടെ സ്കൂൾ തുറക്കുന്നതിന് മുന്പായി സ്വീകരിക്കേണ്ട നടപടിക്രമങ്ങൾ സംബന്ധിച്ച് പൊതുവിദ്യാഭ്യാസ ഡയറക്ടർ ഉത്തരവിറക്കി.
സ്കൂളുകൾ തുറക്കുന്നത് സംബന്ധിച്ച് അനിശ്ചിതത്വം നില നിൽക്കെയാണ് അധികൃതർ സ്വീകരിക്കേണ്ട നടപടികളെ സംബന്ധിച്ചുള്ള നിർദേശങ്ങൾ പുറത്തിറക്കിയത്.
ലോക്ക് ഡൗണിനു ശേഷം സ്കൂളുകൾ തുറക്കുന്പോൾ സാനിറ്റൈസറുകളും ആവശ്യമായ ശുചിമുറികളും ഒരുക്കണമെന്നും തിളപ്പിച്ചാറ്റിയ വെള്ളം മാത്രമേ കുട്ടികൾക്ക് നൽകാവൂ എന്നും നിർദേശമുണ്ട്.
നേരത്തേ സ്കൂളുകളിൽ മുഴുവൻ കുട്ടികൾക്കും ആവശ്യമായ മുഖാവരണങ്ങൾ നിർമിക്കാൻ ആവശ്യപ്പെട്ട് ഉത്തരവിറങ്ങിയിരുന്നു. ഇതിന്റെ നടപടികൾ എല്ലാ ബിആർസികളിലും പുരോഗമിക്കുകയാണ്.
എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകൾ കൂടി ഉടൻ നടക്കാനിരിക്കെ സ്കൂളുകൾ മുഖാവരണങ്ങൾ നിർമിക്കാനുള്ള തിരക്കിലാണ്. പല സ്കൂളുകളിലും വിദ്യാർഥികൾ തന്നെ പുതിയ അധ്യയന വർഷത്തേക്കുള്ള മാസ്ക്കുകൾ നിർമിക്കുന്നുണ്ട്.
മറ്റ് പ്രധാന നിർദേശങ്ങൾ
വാർഷിക അറ്റകുറ്റപ്പണി പൂർത്തിയാക്കി ഫിറ്റ്നസ് സർട്ടിഫിക്കറ്റ് വാങ്ങണം, ആകർഷകമായ പെയിന്റിഗും ഇതിന്റെ ഭാഗമായി നടത്തണം.
ഫിറ്റ്നസ് എന്നത് കെട്ടിടങ്ങളുടെ മാത്രം ഉറപ്പല്ല, മറിച്ച് എല്ലാ അർഥത്തിലും കുട്ടികൾക്ക് പൂർണ സുരക്ഷിതത്വമു ണ്ടായിരിക്കണം.
സ്കൂൾ കെട്ടിടം, ശുചിമുറികൾ, ഫർണിച്ചറുകൾ, പരിസരങ്ങൾ എന്നിവ വൃത്തിയാക്കുകയും അണുനശീകരണം നടത്തുകയും വേണം.
ശുചിമുറി, വാഷ്ബെയ്സിനുകൾ എന്നിവയിൽ ജല ലഭ്യത ഉറപ്പാക്കി സോപ്പും സാനിറ്റൈസറും നൽകണം.
കുട്ടികളുടെ എണ്ണത്തിന് ആനുപാതികമായി ശുചിമുറി ഇല്ലാത്ത പക്ഷം അവ അടിയന്തരമായി നിർമിക്കണം.
അടച്ചുറപ്പുള്ള വാതിൽ, സുരക്ഷിത വഴികൾ, ഭിന്നശേഷി, പെണ്കുട്ടി സൗഹൃദമായ ശുചിമുറികളും വേണം.
പാചകപ്പുരയും പരിസരവും വൃത്തിയായി സൂക്ഷിക്കണം, ഇവിടുത്തെ തൊഴിലാളികൾക്ക് ഹെൽത്ത് കാർഡ് നിർബന്ധമാണ്.
സ്കൂൾ കോന്പൗണ്ടിൽ അപകടകരമായതും വെള്ളം കെട്ടി നിൽക്കുന്നതുമായ കുഴികൾ ഇല്ലെന്ന് ഉറപ്പാക്കണം.
സ്കൂൾ കോന്പൗണ്ടിൽ അപകടകരമായി നിൽക്കുന്ന മരങ്ങൾ, വൃക്ഷ ശിഖരങ്ങൾ എന്നിവ മുറിച്ചുമാറ്റണം.
പാന്പുകൾ, ഇഴജന്തുക്കൾ ഉണ്ടാകാൻ സാധ്യതയുള്ള മാളങ്ങൾ, പാഴ് വസ്തുക്കളുടെ കൂട്ടങ്ങൾ എന്നിവ സ്കൂൾ കോന്പൗണ്ടിൽ യാതൊരു കാരണവശാലും ഉണ്ടാകാൻ പാടില്ല.
ശുദ്ധമായ കുടിവെള്ളം ലഭ്യമാക്കുന്നതിനുള്ള സൗകര്യം ഉണ്ടായിരിക്കണം. കിണർ, കുടിവെള്ള ടാങ്കുകൾ ശുചിയാക്കി, അണുനശീകരണം നടത്തണം.
കുട്ടികൾക്ക് തിളപ്പിച്ചാറിയ വെള്ളമേ നൽകാവൂ.
കുടിവെള്ളത്തിന്റെ ഗുണനിലവാരം പരിശോധിക്കണം.
മലിനജല നിർമാർജനത്തിനും സംസ്കരണത്തിനും ആവശ്യമായ സൗകര്യങ്ങൾ ഉണ്ടായിരിക്കണം. ഇതിനായി ബയോ ഗ്യാസ് പ്ലാന്റുകൾ, കംപോസ്റ്റ് പിറ്റുകൾ എന്നിവ സ്ഥാപിക്കാവുന്നതാണ്.
പ്രഥമ ശുശ്രൂഷ കിറ്റുകുൾ, അഗ്നിരക്ഷാ ഉപകരണങ്ങൾ എന്നിവ സ്കൂളുകളിൽ നിർബന്ധമായും ഉണ്ടാകണം.
നടപടികൾ പൂർത്തിയാകുന്ന മുറയ്ക്ക് ഉപജില്ലാ, ജില്ലാ വിദ്യാഭ്യാസ ഓഫീസർമാർ എന്നിവർ സ്കൂൾ പരിശോധിച്ച് റിപ്പോർട്ട് വിദ്യാഭ്യാസ ഉപഡയറക്ടർക്ക് നൽകണം. ഉപഡയറക്ടർ റവന്യു ജില്ലയുടെ റിപ്പോർട്ടുകൾ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് നൽകണമെന്നും ഉത്തരവിലുണ്ട്. അതേ സമയം സ്കൂൾ തുറക്കുന്ന കാര്യത്തിൽ കൃത്യമായ തീരുമാനമായിട്ടില്ല.