ക്ലാസ് എടുക്കണ്ട സമയത്ത് ക്ലാസ് എടുക്കാതെ ഫേഷ്യൽ ചെയ്യാൻ പോയ പ്രധാന അധ്യാപികയുടെ വീഡിയോ ആണിപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. ഇതിന്റെ വീഡിയോ പകർത്തിയ അധ്യാപികയെ സ്കൂൾ പ്രിൻസിപ്പൽ കടിച്ച് മുറിവേൽപ്പിച്ചു. യുപിയിലെ ഉന്നാവോയിലാണ് സംഭവം.
ബിഘാപൂർ ബ്ലോക്കിലെ ദണ്ഡാമൗ ഗ്രാമത്തിലെ പ്രൈമറി സ്കൂളിലെ പ്രിൻസിപ്പൽ സംഗീത സിംഗ് ആണ് സ്കൂൾ സമയത്ത് പാചകപ്പുരയിലിരുന്ന് ഫേഷ്യൽ ചെയ്തത്. മറ്റൊരു സ്ത്രീയെ കൊണ്ട് തന്റെ മുഖത്ത് സൗന്ദര്യവര്‍ധക വസ്തുക്കള്‍ ഉപയോഗിച്ചുള്ള ഫേഷ്യല്‍ മസാജ് ചെയ്യുകയായിരുന്നു ഇവർ. ആ സമയത്ത് ഇവരുടെ സഹപ്രവർത്തകയായ അനം ഖാൻ എന്ന അധ്യാപിക കടന്നു വന്നു.
അനം തന്റെ വീഡിയോ എടുക്കുകയാണെന്ന് മനസിലായ പ്രധാന അധ്യാപികയായ സംഗീത സിംഗ്, ‘വെരി ഗുഡ്’ എന്ന് പറഞ്ഞ് പെട്ടെന്ന് കസേരയില്‍ നിന്നും എഴുന്നേറ്റു. പിന്നാലെ അംനത്തെ അക്രമിച്ചു. അനം ഖാന്റെ രണ്ട് കൈകളിലും കടിക്കുകയും അവിടെ ഉണ്ടായിരുന്ന ഒരു ഇഷ്ടിക ഉപയോഗിച്ച് അക്രമിക്കുകയും ചെയ്തെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. ഇതിന് പിന്നാലെ കരഞ്ഞു കൊണ്ട് തന്റെ കൈയിലേറ്റ കടിയുടെ പാടുകള്‍ അനം ഖാന് വീഡിയോയില്‍ കാണിച്ചു.