മട്ടന്നൂർ: കെഎസ്ടിപി റോഡ് നവീകരണത്തിന്റെ ഭാഗമായി ആരംഭിച്ച ഓവുചാൽ നിർമാണം പാതിവഴിയിൽ നിലച്ചതിനാൽ മട്ടന്നൂർ പാലോട്ടുപള്ളി സ്കൂളിന് മുന്നിൽ ചെളിക്കുളം. ചെളി താണ്ടി വേണം വിദ്യാർഥികൾ സ്കൂളിലെത്താൻ.
റോഡ് മെക്കാഡം ടാറിംഗ് പൂർത്തിയാക്കിയതിനു ശേഷമാണ് റോഡിന്റെ ഇരുവശങ്ങളിലും ഓവുചാൽ നിർമാണം ആരംഭിച്ചത്. എന്നാൽ ചിലയിടങ്ങളിൽ ഓവുചാൽ നിർമിക്കാതെയിട്ടതോടെയാണ് റോഡരികിൽ ചെളിക്കുളമായത്. നിർമാണം പാതിവഴിയിലായ ഓവുചാൽ നിറഞ്ഞു കവിഞ്ഞൊഴുകുന്നതിനാൽ മിക്കയിടങ്ങളിലും ചെളിക്കുളമായിരിക്കുകയാണ്.
പാലോട്ടുപള്ളി എൻഐഎസ്എ എൽപി സ്കൂളിന് മുന്നിലെ റോഡരികിൽ ചെളിക്കുളമായതിനാൽ വിദ്യാർഥികൾ ഏറെ പ്രയാസപ്പെട്ടാണ് സ്കൂളിലേക്ക് വരുന്നത്. ഇതിനു പുറമെ നിർമാണം പാതിവഴിയിലായ ഓവുചാലിൽ മഴ വെള്ളം കെട്ടിക്കിടക്കുന്നതിനാൽ അപകട ഭീഷണി ഉയർത്തുകയാണ്.
നീരുറവയുള്ളതിനാൽ മഴയില്ലാത്ത സമയത്തും ഇതിലൂടെ വെള്ളം ഒഴുകുന്നുണ്ട്. ഓവുചാൽ നിർമിക്കാത്തതിനാൽ പാലോട്ടുപള്ളിയിലെ ഫർണിച്ചർ കടയുടെ വരാന്തയിൽ വെള്ളം കെട്ടിക്കിടന്നിരുന്നു. കഴിഞ്ഞ ദിവസം ജെസിബി ഉപയോഗിച്ച് റോഡരികിലെ വെള്ളം ഒഴുകാൻ കുഴിയെടുത്തതോടെയാണ് താത്കാലിക പരിഹാരമായത്. റോഡരികിലെ ചെളിക്കുളം കാരണം വ്യാപാര സ്ഥാപനങ്ങളിൽ കയറാൻ കഴിയാത്ത അവസ്ഥയുണ്ട്.