ഇന്ത്യയിലാകെ 718 ഹിമപ്പുലികൾ ഉണ്ടെന്നു കണക്കുകൾ. രാജ്യത്തെ ഹിമപ്പുലികളുടെ ആദ്യത്തെ ശാസ്ത്രീയ കണക്കെടുപ്പിലാണ് ഇവയുടെ എണ്ണത്തെക്കുറിച്ചു വിവരം ലഭിച്ചത്.
ദേശീയ വന്യജീവി ബോർഡ് യോഗത്തിൽ കേന്ദ്ര മന്ത്രി ഭൂപേന്ദർ യാദവ് ഹിമപ്പുലികളുടെ എണ്ണം ഔദ്യോഗികമായി പുറത്തുവിട്ടു. ലഡാക്കിൽ 477, ഉത്തരാഖണ്ഡിൽ 124, ഹിമാചൽ പ്രദേശിൽ 51, അരുണാചൽ പ്രദേശിൽ 36, സിക്കിമിൽ 21, ജമ്മു കാഷ്മീരിൽ 9 എന്നിങ്ങനെയാണ് ഹിമപ്പുലികളുള്ളത്.
2019-2023 കാലയളവില്‍ നടത്തിയ സര്‍വേ റിപ്പോര്‍ട്ടാണ് പുറത്തുവന്നിരിക്കുന്നത്. ഹിമപ്പുലികളുടെ ആവാസവ്യവസ്ഥയിലെ 70% സ്ഥലങ്ങളിലാണ് സർവേ നടത്തിയത്. നിരീക്ഷണത്തിനായി കാമറ ട്രാപ്പ് സംവിധാനങ്ങളും ഉപയോഗിച്ചു.
നിരീക്ഷണ സംവിധാനങ്ങളില്‍ ഇതുവരെ തിരിച്ചറിയാതിരുന്ന 241 പുതിയ ഹിമപ്പുലികളെയും സര്‍വേ റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തി. ലോകത്തിലേറ്റവുമധികം ഹിമപ്പുലികള്‍ സംരക്ഷിക്കപ്പെടുന്നത് പശ്ചിമബംഗാളിലെ പദ്മജ നായിഡു ഹിമാലയന്‍ സുവോളജിക്കല്‍ പാര്‍ക്കിലാണെന്ന് (ഡാര്‍ജിലിങ് മൃഗശാല) വേൾഡ് അസോസിയേഷൻ ഫോർ സൂസ് ആന്റ് അക്വേറിയംസ് അടുത്തിടെ പുറത്തുവിട്ട റിപ്പോർട്ട് വ്യക്തമാക്കുന്നു.