കൊച്ചി: സംസ്ഥാനത്ത് പോക്സോ കേസുകളില്‍ ഫോറന്‍സിക് പരിശോധനകളിലെ കാലതാമസം ഒഴിവാക്കുന്നതിനായി ഫോറന്‍സിക് സയന്‍സ് ലബോറട്ടറികളില്‍ 28 സയന്റഫിക് ഓഫീസര്‍ തസ്തികകള്‍ സൃഷ്ടിച്ച് സര്‍ക്കാര്‍ ഉത്തരവ്. നിലവിലെ അംഗബലം 140 ആയിരുന്നു.
സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരേയുള്ള അതിക്രമങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ പോക്സോ കേസുകളിലും സംസ്ഥാനത്ത് വര്‍ധനയുണ്ടായിട്ടുണ്ട്. 2018-ല്‍ 6,506 കേസുകളും 2019 ല്‍ 7,335 കേസുകളും 2020 ല്‍ 8,062 കേസുകളും 2021 ല്‍ 11,368 കേസുകളും 2022 ല്‍ 13,273 കേസുകളുമാണ് ഫോറന്‍സിക് പരിശോധനയ്ക്കായി വിവിധ ലാബുകളില്‍ എത്തിയത്.
പോക്സോ ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ ഫോറന്‍സിക് പരിശോധനാഫലം നല്‍കുന്നതുമായി ബന്ധപ്പെട്ട നിരവധി കേസുകള്‍ ഫോറന്‍സിക് സയന്‍സ് ലാബോറട്ടറികളിലും വിവിധ റീജിയണല്‍ ഫോറന്‍സിക് സയന്‍സ് ലാബുകളിലും കെട്ടിക്കിടക്കുന്നുണ്ട്. ഇതു സംബന്ധിച്ച് സംസ്ഥാന പോലീസ് മേധാവി 2023 മേയ് 30 ന് ആഭ്യന്തരവകുപ്പിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
ഫോറന്‍സിക് സയന്‍സ് ലബോറട്ടറിയിലെ സാങ്കേതിക വിഭാഗത്തിന്റെ അംഗബലം 140 ആണെന്നും കേസുകളില്‍ വേഗത്തില്‍ പരിശോധന പൂര്‍ത്തിയാക്കുന്നതിന് മതിയായ സാങ്കേതിക വിഭാഗം ജീവനക്കാര്‍ ഇല്ലെന്നും നിലവിലുള്ള ജീവനക്കാരെ വച്ച് ഫോറന്‍സിക് പരിശോധനകള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ കഴിയില്ലെന്നും സംസ്ഥാന പോലീസ് മേധാവി ആഭ്യന്തര വകുപ്പിന് കത്ത് നല്‍കിയിരുന്നു.
ഫോറന്‍സിക് സയന്‍സ് ലബോറട്ടറിയില്‍ അസിസ്റ്റന്റ് ഡയറക്ടര്‍ , വിവിധ വിഭാഗത്തിലുളള സയന്റഫിക് ഓഫീസര്‍മാര്‍ ഉള്‍പ്പെടെ 98 തസ്തികകള്‍ സൃഷ്ടിക്കണമെന്നായിരുന്നു സംസ്ഥാന പോലീസ് മേധാവിയുടെ കത്തില്‍ പരാമര്‍ശിച്ചിരുന്നത്. തുടര്‍ന്ന് സര്‍ക്കാര്‍ ഇക്കാര്യം പരിശോധിച്ചാണ് 28 സയന്റിഫിക് ഓഫീസര്‍ തസ്തികകള്‍ സൃഷ്ടിച്ചിരിക്കുന്നത്. ബയോളജി- 12, ഡോക്കുമെന്റ്സ്- 10, കെമിസ്ട്രി- ആറ് എന്നിങ്ങനെയാണ് തസ്തികകള്‍ സൃഷ്ടിച്ചിരിക്കുന്നത്.
ബയോളജി വിഭാഗത്തില്‍ തിരുവനന്തപുരം ഫോറന്‍സിക് സയന്‍സ് ലബോറട്ടിയിലും എറണാകുളം റീജിയണല്‍ ഫോറന്‍സിക് സയന്‍സ് ലബോറട്ടിയിലും നാലു വീതവും തൃശൂര്‍ റീജിയണല്‍ ഫോറന്‍സിക് സയന്‍സ് ലബോറട്ടിയിലും കണ്ണൂര്‍ റീജിയണല്‍ ഫോറന്‍സിക് സയന്‍സ് ലബോറട്ടിയില്‍ രണ്ടു വീതവും തസ്തിതകള്‍ സൃഷ്ടിച്ചു.
ഡോക്കുമെന്റ്സ് വിഭാഗത്തില്‍ തിരുവനന്തപുരം ഫോറന്‍സിക് സയന്‍സ് ലബോറട്ടിയിലും എറണാകുളം റീജിയണല്‍ ഫോറന്‍സിക് സയന്‍സ് ലബോറട്ടിയിലും മൂന്നു വീതവും തൃശൂര്‍ റീജിയണല്‍ ഫോറന്‍സിക് സയന്‍സ് ലബോറട്ടിയിലും കണ്ണൂര്‍ റീജിയണല്‍ ഫോറന്‍സിക് സയന്‍സ് ലബോറട്ടിയില്‍ രണ്ടു വീതവും തസ്തികകളാണ് സൃഷ്ടിച്ചത്.
കെമിസ്ട്രി വിഭാഗത്തില്‍ തിരുവനന്തപുരം ഫോറന്‍സിക് സയന്‍സ് ലബോറട്ടിയില്‍ ഒന്നും എറണാകുളം റീജിയണല്‍ ഫോറന്‍സിക് സയന്‍സ് ലബോറട്ടിയിലും മൂന്നു വീതവും തൃശൂര്‍ റീജിയണല്‍ ഫോറന്‍സിക് സയന്‍സ് ലബോറട്ടിയിലും രണ്ടു വീതവും കണ്ണൂര്‍ റീജിയണല്‍ ഫോറന്‍സിക് സയന്‍സ് ലബോറട്ടിയില്‍ ഒരു തസ്തികകയും സൃഷ്ടിച്ച് അഡീഷണല്‍ ചീഫ് സെക്രട്ടറിയാണ് ഉത്തരവ് ഇറക്കിയത്.
സീമ മോഹന്‍ലാല്‍