നിപ്പ വൈറസ് ഉയര്‍ത്തിയ ഭീതിയില്‍ നിന്നും കേരള ജനത മടങ്ങി വരുന്നതേയുള്ളൂ. എന്നാല്‍ ലോകം കണ്ടതില്‍ വച്ചേറ്റവും വലിയ മഹാമാരിയായ പ്ലേഗുമായി താരതമ്യം ചെയ്യുമ്പോള്‍ നിപ്പയൊക്കെ എത്ര നിസാരം. 1348ലായിരുന്നു ‘ കറുത്ത മരണം’ എന്നറിയപ്പെട്ട പ്ലേഗ് യൂറോപ്പില്‍ നടമാടിയത്. പതിനെട്ടു മാസം കൊണ്ട് ലണ്ടനിലെ ജനസംഖ്യ പാതിയായി കുറച്ചാണ് പ്ലേഗ് അതിന്റെ ഭീകരത വ്യക്തമാക്കിയത്. അന്നു കൂട്ടത്തോടെ ഒന്നിനു പിറകെ ഒന്നായി മൃതദേഹങ്ങള്‍ കൂട്ടിയിട്ടാണു ലണ്ടനില്‍ മറവു ചെയ്തിരുന്നത്. അതിനു മുന്‍പ് അഞ്ചാം നൂറ്റാണ്ടിലും എട്ടാം നൂറ്റാണ്ടിലും അഞ്ചു കോടിയിലേറെ ജനങ്ങളെ കൊന്നൊടുക്കിയതിനു ശേഷമായിരുന്നു സര്‍വസംഹാരിയായ ആ മൂന്നാം വരവ്.
ചെള്ളുകളിലൂടെയായിരുന്നു പ്ലേഗിനു (bubonic plague) കാരണമായ ബാക്ടീരിയം യെര്‍സിനിയ പെസ്റ്റിസ് (വൈ പെസ്റ്റിസ്) പടര്‍ന്നിരുന്നത്. ചെള്ളുകളിലൂടെ എലികളിലേക്കും അവിടെ നിന്ന് മനുഷ്യരിലേക്കും മറ്റു സസ്തനികളിലേക്കുമെല്ലാം പടര്‍ന്നു. എന്നാല്‍ മാരകമായ പകര്‍ച്ചവ്യാധിയാകും വിധം വൈ പെസ്റ്റിസിന് എന്നാണു രൂപാന്തരം സംഭവിച്ചതെന്നതില്‍ ഗവേഷകര്‍ക്കു കൃത്യമായ ഉത്തരം ലഭിച്ചിരുന്നില്ല. ആ കുഴക്കുന്ന പ്രശ്‌നത്തിലേക്കു വെളിച്ചം വീശുന്ന ഒരു കണ്ടെത്തലാണ് ഇപ്പോഴുണ്ടായിരിക്കുന്നത്.
റഷ്യയിലാണ് ചരിത്രപ്രാധാന്യമുള്ള ആ കണ്ടെത്തല്‍. അവിടെ വെങ്കലയുഗത്തിലെ ചില കല്ലറകള്‍ ഗവേഷകര്‍ കണ്ടെത്തി. അതായതു നാലായിരം വര്‍ഷം മുന്‍പു വരെ പഴക്കമുള്ളത്. തെക്കുപടിഞ്ഞാറന്‍ റഷ്യയിലെ സമാറയില്‍ പത്തോളം കല്ലറകളാണു ഗവേഷകര്‍ പരിശോധിച്ചത്. അവയിലൊന്ന് ഒരു സ്ത്രീയെയും പുരുഷനെയും ഒരുമിച്ച് അടക്കം ചെയ്തതായിരുന്നു. വിശദമായ പരിശോധനയിലാണു വ്യക്തമായത്. അവര്‍ ഇരുവര്‍ക്കും പ്ലേഗ് ബാധിച്ചിരുന്നു. വെറും പ്ലേഗല്ല, പിന്നെയും വര്‍ഷങ്ങള്‍ക്കു ശേഷം കോടിക്കണക്കിനു പേരെ കൊന്നൊടുക്കിയ അതേ വൈ പെസ്റ്റിസ് ബാധിച്ചുണ്ടായ പ്ലേഗ്.
ഗവേഷകര്‍ കണ്ടെത്തിയ ബാക്ടീരിയത്തിന്റെ ഡിഎന്‍എയില്‍ പോലുമുണ്ടായിരുന്നില്ല വ്യത്യാസം. പല കാലങ്ങളിലായി ജസ്റ്റിനിയന്‍ പ്ലേഗ്, ബ്ലാക്ക് ഡെത്ത്, ഗ്രേറ്റ് പ്ലേഗ് ഓഫ് ലണ്ടന്‍, ചൈനയില്‍ പത്തൊന്‍പതാം നൂറ്റാണ്ടിലുണ്ടായ പ്ലേഗ് തുടങ്ങിയ മഹാമാരികള്‍ക്കെല്ലാം കാരണമായതിനു പിന്നില്‍ പ്രവര്‍ത്തിച്ച ബാക്ടീരിയത്തിന്റെ പൂര്‍വികര്‍ റഷ്യയില്‍ കണ്ടെത്തിയ ബാക്ടീരിയം തന്നെയാണെന്നു ചുരുക്കം. ജര്‍മനിയിലെ മാക്‌സ് പ്ലാങ്ക് ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ ദ് സയന്‍സ് ഓഫ് ഹ്യൂമന്‍ ഹിസ്റ്ററിയിലെ ഗവേഷകരാണു കണ്ടെത്തലിനു പിന്നില്‍. ഇതോടെ പ്ലേഗ് എന്ന മഹാമാരിയ്ക്ക് കരുതിയതിലും കൂടുതല്‍ പ്രായമുണ്ടെന്ന നിഗമനത്തിലാണ് ശാസ്ത്രജ്ഞന്മാര്‍ എത്തിച്ചേര്‍ന്നിരിക്കുന്നത്. അപ്പോഴും വൈ പെസ്റ്റിസിന്റെ യഥാര്‍ഥ ഉറവിടം എവിടെന്ന കാര്യം അവ്യക്തമായി തുടരുന്നു. അത് റഷ്യയാണെന്ന് ഉറപ്പിക്കാന്‍ തക്ക തെളിവുകളുമില്ല. എന്നിരുന്നാലും പുതിയ കണ്ടെത്തല്‍ പ്ലേഗിന്റെ ഉത്സവത്തെക്കുറിച്ചുള്ള പഠനത്തിന് പ്രേരകശക്തിയാകുമെന്നുറപ്പ്.