തങ്ങളുമായി കൂടിക്കാഴ്ചയ്ക്കായി അവര്‍ സമ്മതിച്ചപ്പോള്‍ തന്നെ ബോട്ടില്‍ നിന്നും വെള്ളത്തിലേക്ക് ചാടി! സെന്റിനല്‍ ദ്വീപിലുള്ള ഗോത്രവര്‍ഗം സമാധാനപ്രിയരെന്ന് അവരുമായി സഹവസിച്ച ഇന്ത്യന്‍ നരവംശ ശാസ്ത്രജ്ഞന്‍

അമേരിക്കന്‍ മിഷനറി അലന്‍ ജോണ്‍ ചാവു കൊല്ലപ്പെട്ടതോടെയാണ് സെന്റിനല്‍ ദ്വീപ് വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞത്. ദ്വീപിലെ ഗോത്രവര്‍ഗക്കാരെക്കുറിച്ച് അറിയുന്നതിനും അവരോട് സംസാരിക്കുന്നതിനുമായി യാത്ര തിരിച്ച അലനെ അവര്‍ അമ്പെയ്ത് കൊലപ്പെടുത്തുകയായിരുന്നു. അലന്റെ മൃതദേഹം വീണ്ടെടുക്കാന്‍ പോലും ഇതുവരെയും കഴിഞ്ഞിട്ടില്ല.

എന്നാല്‍ സെന്റിനല്‍ ദ്വീപ് നിവാസികളെക്കുറിച്ച് പ്രശസ്ത ആന്ത്രോപോളജിസ്റ്റ് ടി.എന്‍. പണ്ഡിറ്റ് പറയുന്നത് മറ്റൊന്നാണ്. അവരെക്കുറിച്ച് അദ്ദേഹത്തോളം അറിയാവുന്നവരും കുറവാണ്. ഇന്ത്യയുടെ ഗോത്രവര്‍ഗ്ഗ മന്ത്രാലയത്തിന്റെ റീജിയണല്‍ ഹെഡ്ഡായ പണ്ഡിറ്റ് ദ്വീപ് സമൂഹത്തെ സന്ദര്‍ശിക്കാന്‍ പോയിട്ട് ദശകങ്ങളായി.

ലോകസമൂഹം നരഭോജികളെന്നും ക്രൂരന്മാരെന്നും വിളിക്കുമ്പോള്‍ സമാധാനകാംഷികളായ ജനതയാണ് സെന്റിനല്‍ ദ്വീപിലേതെന്നാണ് 84 കാരനായ പണ്ഡിറ്റ് പറയുന്നത്. തന്റെ ഇടപെടലുകളില്‍ അവര്‍ ഭീഷണിപ്പെടുത്തിയിട്ടുണ്ടെങ്കിലും ഒരിക്കലും കൊല്ലാനോ പരിക്കേല്‍പ്പിക്കാനോ മുതിര്‍ന്നില്ലെന്ന് പണ്ഡിറ്റ് മുന്‍കാല അനുഭവം വെച്ചു പറയുന്നു.

ഈ ഗോത്രജനതയെക്കുറിച്ചുള്ള പഠനത്തിന്റെ ഭാഗമായി വടക്കന്‍ സെന്റിനളി ദ്വീപില്‍ പണ്ഡിറ്റും സംഘവും ആദ്യം പോയത് 1967 ലായിരുന്നു. ആദ്യം ജനത കാടിനുള്ളില്‍ ഒളിച്ചിരുന്നു. അടുത്ത തവണ ചെന്നപ്പോള്‍ അമ്പെയ്ത് പ്രതിരോധിച്ചു.

അവരുമായി ബന്ധപ്പെടാന്‍ തേങ്ങയും വാഴക്കുലയുമായി ഒട്ടേറെ വസ്തുക്കളോടെ ആയിരുന്നു എത്തിയത്. ചട്ടിയും കലങ്ങളും വലിയ തോതില്‍ തേങ്ങയും ചുറ്റികയും പിച്ചാത്തിയും പോലെയുള്ള ഇരുമ്പ് വസ്തുക്കളും എല്ലാം കൊണ്ടുപോയിരുന്നു. സെന്റിനളികളുടെ ഭാഷയും പെരുമാറ്റവും മനസ്സിലാക്കുന്നതിനായി ഇക്കാര്യം തര്‍ജ്ജിമ ചെയ്യാന്‍ കഴിയുന്ന തരത്തിലുള്ള മറ്റ് രണ്ടു ഗോത്ര വര്‍ഗ്ഗക്കാരെയും കൂട്ടിയിരുന്നു.

എന്നാല്‍ ദേഷ്യത്തോടും വെറുപ്പു കലര്‍ന്ന മുഖത്തോടെയുമായിരുന്നു സെന്റിനളി ദ്വീപുകാര്‍ തങ്ങളെ കണ്ടതെന്നും അമ്പും വില്ലും ഉപയോഗിച്ച് പ്രതിരോധിക്കുകയും ചെയ്തതായും പണ്ഡിറ്റ് പറയുന്നു.

പരാജയപ്പെട്ട ആദ്യശ്രമത്തെ അവഗണിച്ച് സമ്മാനങ്ങളും മറ്റും അവിടെ ഇട്ടിട്ടു പോന്നു. അതേസമയം കെട്ടിയിട്ട ഒരു പന്നി തങ്ങള്‍ക്കുള്ളതാണെന്ന് മനസ്സിലാക്കിയ ജനത പെട്ടെന്ന് തന്നെ അതിനെ കൊന്നു അവശിഷ്ടങ്ങള്‍ മണ്ണില്‍ കുഴിച്ചിട്ടു. പിന്നീട് പല തവണ ഈ ജനതയുമായി ബന്ധപ്പെട്ടാന്‍ ശ്രമിച്ചതിനൊടുവില്‍ 1991 ല്‍ ഈ ജനത സമാധാനപരമായി അടുത്തുവന്നു.

തങ്ങളുമായി കൂടിക്കാഴ്ചയ്ക്കായി അവര്‍ സമ്മതിച്ചപ്പോള്‍ തന്നെ ബോട്ടില്‍ നിന്നും വെള്ളത്തിലേക്ക് ചാടി. കഴുത്തറ്റം വെള്ളത്തില്‍ നിന്നുകൊണ്ട് അവര്‍ക്ക് തേങ്ങയും മറ്റു സമ്മാനങ്ങളും നല്‍കി. എന്നാല്‍ സ്വന്തം മണ്ണില്‍ ചവിട്ടാന്‍ അവര്‍ തങ്ങളെ അനുവദിച്ചില്ല. ആക്രമിക്കുമോ എന്ന ഭയം മാറിയെങ്കിലും മുന്‍കരുതലോടെയാണ് അവരെ സമീപിച്ചത്.

അവര്‍ സംസാരിച്ചെങ്കിലൂം എന്തു ഭാഷയാണെന്ന് മനസ്സിലായില്ല. ചില മേഖലകളിലെ ഗോത്ര വര്‍ഗ്ഗക്കാരെപ്പോലെ ചില ശബ്ദങ്ങള്‍ പുറപ്പെടുവിച്ചുള്ളതായിരുന്നു അത്. എന്നാല്‍ അവരിലെ ഒരു യുവാവ് ഭീഷണിപ്പെടുത്തി. തേങ്ങ കൊടുത്തുകൊണ്ടിരിക്കുമ്പോഴായിരുന്നു അത്.

തീരത്തേക്ക് അടുത്തുകൊണ്ടിരിക്കുന്ന മറ്റുള്ളവരില്‍ നിന്നും വേര്‍പെട്ടായിരുന്നു പണ്ഡിറ്റ് നീങ്ങിയിരുന്നത്. ഇതിനിടയില്‍ ഒരു സെന്റിനല്‍ യുവാവ് തന്റെ കത്തിയെടുത്ത് കൈ വെട്ടിക്കളയുമെന്ന് ആംഗ്യം കാട്ടി. പെട്ടെന്ന് തന്നെ താന്‍ ബോട്ട് വിളിക്കുകയും തിരിയുകയും ചെയ്തു. ഞങ്ങള്‍ക്കു നല്ല സ്വീകരണം കിട്ടില്ലെന്ന് വ്യക്തമാക്കുന്നതായിരുന്നു യുവാവിന്റെ സൂചനയെന്ന് പണ്ഡിറ്റ് പറഞ്ഞു.

അതിന് ശേഷം സമ്മാനം നല്‍കിക്കൊണ്ടുള്ള പര്യടനം ഇന്ത്യഗവണ്‍മെന്റ് അവസാനിപ്പിക്കുകയും പുറത്തു നിന്നുള്ളവരെ ദ്വീപിലേക്ക് കടക്കാന്‍ അനുമതി നിഷേധിക്കുകയും ചെയ്തു. പുറത്തുനിന്നുള്ളവര്‍ ദ്വീപിലെത്തുന്നത് പോലും ദ്വീപിലുള്ളവര്‍ക്ക് അസുഖസാധ്യത വര്‍ദ്ധിപ്പിക്കുമായിരുന്നു. അതുകൊണ്ടു തന്നെ പര്യവേഷണത്തിനായി ദ്വീപിലേക്ക് പോകുന്നവര്‍ക്ക് കര്‍ശനമായ വൈദ്യ പരിശോധന ഉറപ്പാക്കിയായിരുന്നു അനുമതി നല്‍കിയിരുന്നത്.

സ്വന്തം ഭൂമി സംരക്ഷിക്കാനാണ് അവര്‍ പ്രതിരോധിക്കുന്നതെന്നും തന്റെ അനുഭവത്തില്‍ സെന്റിനളീസുകാര്‍ കുഴപ്പക്കാരല്ലെന്നും പണ്ഡിറ്റ് പറയുന്നു. അവരെ ആക്രമണകാരികള്‍ എന്ന് വിളിക്കുന്നത് ശരിയല്ലെന്നും മറുവശത്ത് കൂടി നോക്കിയാല്‍ തങ്ങളാണ് ആക്രമണകാരികളായതെന്നും പണ്ഡിറ്റ് പറയുന്നു.

Related posts