ചില രഹസ്യങ്ങളുടെ ചുരുളഴിയാന്‍ കാലങ്ങളെടുക്കും. അത്തരത്തിലൊരു സംഭവമാണ് ഇപ്പോള്‍ വെളിപ്പെട്ടിരിക്കുന്നത്.
2018ല്‍ വടക്കന്‍ കാനഡയിലെ മഞ്ഞുമൂടിയ ഖനികളില്‍ ജോലി ചെയ്തിരുന്ന തൊഴിലാളികള്‍ മഞ്ഞില്‍ നിന്നും രോമം നിറഞ്ഞ പന്തു പോലെ ഒരു വസ്തു കണ്ടെത്തി.
താമസിയാതെ ആ പന്ത് ശാസ്ത്രജ്ഞരുടെ കൈവശമെത്തി. എന്നാല്‍ അതിന്റെ പ്രാധാന്യം അന്ന് അവര്‍ക്ക് മനസ്സിലാകാഞ്ഞതിനാല്‍ അവര്‍ അത് ശ്രദ്ധിച്ചില്ല.
എന്നാല്‍, അഞ്ച് വര്‍ഷങ്ങള്‍ ആ വസ്തുവില്‍ നടത്തിയ പഠനത്തിനു ശേഷം ഏറെ കൗതുകകരമായ ഒരു വിവരം പുറത്തുവിട്ടിരിക്കുകയാണ് ശാസ്ത്രജ്ഞര്‍.
അതു വെറുമൊരു രോമപ്പന്തായിരുന്നില്ല. മറിച്ച് മുപ്പതിനായിരം വര്‍ഷം മുന്‍പ് ഹിമയുഗകാലഘട്ടത്തില്‍ ജീവിച്ചിരുന്ന ഒരു അണ്ണാന്റെ ശരീരമാണ്.
മഞ്ഞില്‍ സംരക്ഷിക്കപ്പെട്ട നിലയില്‍ അത് ഇത്രയും കാലം നിലനില്‍ക്കുകയായിരുന്നു. കാനഡയിലെ യൂകോണ്‍ എന്ന സ്ഥലത്തെ ഹെസ്റ്റര്‍ ക്രീക്ക് മേഖലയില്‍ കണ്ടെത്തിയതിനാല്‍ ഹെസ്റ്റര്‍ എന്നാണ് ഈ അണ്ണാന് ശാസ്ത്രജ്ഞര്‍ നല്കിയ പേര്.
ശ്രദ്ധാപൂര്‍വമുള്ള നിരീക്ഷണത്തില്‍ രോമപ്പന്തിനുള്ളില് നഖങ്ങളും കാലുകളുമൊക്കെ കണ്ടെത്തിയതാണ് അണ്ണാന്റെ ശേഷിപ്പാണ് ഇതെന്ന അനുമാനത്തിലേക്കു ശാസ്ത്രജ്ഞരെ നയിച്ചത്.
പിന്നീട് സ്ഥിരീകരത്തിനായി എക്സ്റേ മെഷീന് ഉപയോഗിച്ചു. എക്സ്റേയില്‍ അണ്ണാന്റെ അസ്ഥികൂടങ്ങളും മറ്റും നന്നായി തെളിഞ്ഞു. താമസിയാതെ ഈ അണ്ണാനെ വൈറ്റ്ഹോഴ്സ് എന്ന സ്ഥലത്തുള്ള മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിക്കും.
അണ്ണാനെ കണ്ടെത്തിയ യൂക്കോണ്‍ മേഖലയില്‍ നിന്നു മുന്‍പും ചരിത്രാതീത കാലത്തെ മൃഗങ്ങളുടെ ശേഷിപ്പുകള്‍ കണ്ടെത്തിയിട്ടുണ്ട്.
വലിയ ബീവറുകളും മാമ്മത്തുകളും ചെന്നായ്ക്കളുമൊക്കെ ഇതില്‍ ഉള്‍പ്പെടും. ആര്‍ട്ടിക് ഗ്രൗണ്ട് സ്ക്വിറല്‍ എന്ന വിഭാഗത്തിലുള്ള അണ്ണാനാണ് ഇതെന്നാണ് ശാസ്ത്രജ്ഞര്‍ പറഞ്ഞത്.
ശീതകാലനിദ്രയ്ക്കിടെ മഞ്ഞില്‍പെട്ട് ചത്തുപോയതാകാം ഇത്. ഇന്നും കാനഡയിലും അലാസ്കയിലും ഗ്രൗണ്ട് സ്ക്വിറല്‍ അണ്ണാന്മാര് ജീവിക്കുന്നുണ്ട്.
പരന്ന ചെവികളും മെലിഞ്ഞ വാലുകളും ഇവയ്ക്കുണ്ട്. 15 ഇഞ്ച് വരെ വലുപ്പം വയ്ക്കുന്ന ഇവയ്ക്ക് അര കിലോയിലധികമാണ് പരമാവധി ഭാരംമുണ്ടാകുക.
കൂണുകളും ചില പഴങ്ങളുമൊക്കെയാണ് ഇവ ഭക്ഷിക്കുക. ഓരോ വര്‍ഷവും ഒക്ടോബര്‍ മുതല്‍ അടുത്ത വര്‍ഷം ഏപ്രില്‍ പകുതി വരെ ഇവ ശീതകാലനിദ്രയിലേക്കു പ്രവേശിക്കും. എന്തായാലും പുതിയ കണ്ടെത്തല്‍ ജീവശാസ്ത്രജ്ഞര്ക്കാകെ ആവേശം പകര്‍ന്നിരിക്കുകയാണ്.