കേരളത്തിലെ മലയാളികളെ ഒന്നടങ്കം ഞെട്ടിച്ച സംഭവമാണ് മത്സ്യത്തില്‍ ഫോര്‍മാലിന്‍ കണ്ടെത്തിയത്. വലിയ രീതിയിലുള്ള മുന്നറിയിപ്പ് തന്നെയാണ് ആ സംഭവം നല്‍കിയത്.
എത്രമാത്രം മായം, കഴിക്കാന്‍ വാങ്ങുന്ന വസ്തുക്കളുടെ മേല്‍ അടങ്ങിയിട്ടുണ്ട് എന്ന കാര്യത്തില്‍ ശ്രദ്ധ പുലര്‍ത്തണമെന്ന ആഹ്വാനം കൂടിയായിരുന്നു ഈ സംഭവം. ആര്യങ്കാവില്‍ വിഷമീനുകളെ കണ്ടെത്താന്‍ സഹായിച്ച, സുഹൃത്തുക്കളായ രണ്ട് ശാസ്ത്രഞ്ജരാണ് ഈ സംഭവത്തിലൂടെ താരമായിരിക്കുന്നത്.
വിഷമീനുകളെ തിരിച്ചറിയാന്‍ ഭക്ഷ്യസുരക്ഷാ വിഭാഗത്തെ സഹായിച്ചത് കൂട്ടുകാരികളായ രണ്ട് ശാസ്ത്രജ്ഞരുടെ കണ്ടുപിടിത്തമാണ്. കൊച്ചി സെന്‍ട്രല്‍ ഇന്‍സ്റ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജിയിലെ ശാസ്ത്രജ്ഞരായ ലാലിയും പ്രിയയും ചേര്‍ന്നാണ്, മീനുകളില്‍ ഫോര്‍മലിന്‍ ചേര്‍ത്താല്‍ തിരിച്ചറിയാന്‍ കഴിയുന്ന വിദ്യ വികസിപ്പിച്ചെടുത്തത്.
കേരളത്തിലേക്കു വരുന്ന മീനുകളില്‍ വന്‍തോതില്‍ ഫോര്‍മലിനും അമോണിയയും കലര്‍ത്തുന്നതായി പരാതികള്‍ വ്യാപകമായപ്പോഴാണ് ഇത് കണ്ടെത്താനുള്ള പ്രോജക്ട് വേണമെന്ന് സിഫ്റ്റ് തീരുമാനിച്ചത്.
ഈ ചുമതല ലാലിയെയും പ്രിയയെയും ഏല്‍പ്പിക്കുകയായിരുന്നു. പനങ്ങാട് ഫിഷറീസ് കോളേജിലെ വിദ്യാര്‍ഥികളായിരുന്ന ഇരുവരും അക്കാലത്ത് തന്നെ സുഹൃത്തുക്കളാണ്. ആറു വര്‍ഷം മുമ്പാണ് ലാലി സിഫ്റ്റില്‍ ചേര്‍ന്നത്.
മൂന്നു വര്‍ഷം മുമ്പ് പ്രിയയും ഇവിടെയെത്തി. മത്സ്യത്തിലെ മായം കണ്ടെത്തുന്നതിന് നേരത്തെ തന്നെ പല സംവിധാനങ്ങളുണ്ടെങ്കിലും പരിശോധനകള്‍ക്ക് ആഴ്ചകള്‍ തന്നെ വേണ്ടിവരുമെന്നതാണ് പ്രശ്നം.
ഏറ്റവും കുറഞ്ഞ സമയത്തിനുള്ളില്‍ മീനിലെ മായം കണ്ടെത്തുക എന്നതാണ് ശാസ്ത്രജ്ഞര്‍ നേരിട്ട വെല്ലുവിളി. ലാബില്‍ പോകാതെ തന്നെ മീന്‍ പരിശോധിക്കാന്‍ കഴിയുന്ന വിധത്തില്‍ പുതിയ രീതി കണ്ടെത്താനാണ് ലാലിയും പ്രിയയും ശ്രമിച്ചത്.
ഈ ചിന്തയാണ് സ്ട്രിപ്പിന്റെ കണ്ടുപിടിത്തത്തിലേക്ക് നയിച്ചത്. ഒന്നോ, രണ്ടോ നിമിഷങ്ങള്‍ക്കുള്ളില്‍ മീനില്‍ വിഷത്തിന്റെ സാന്നിധ്യം കണ്ടെത്താന്‍ പുതിയ സംവിധാനത്തിനു കഴിയും. ചെലവ് തീരെ കുറവും. ഒരു വര്‍ഷം നീണ്ട പരിശ്രമങ്ങള്‍ക്കൊടുവിലാണ് പരീക്ഷണം വിജയം കണ്ടത്.
സിഫ്റ്റിലെ ഒട്ടേറെ ശാസ്ത്രജ്ഞര്‍ ഈ പദ്ധതിയുടെ വിജയത്തിനായി സഹകരിച്ചതായി ലാലിയും പ്രിയയും പറഞ്ഞു. സംവിധാനം വ്യാവസായികമായി ഉത്പാദിപ്പിക്കാനുള്ള ശ്രമമായി. സിഫ്റ്റ് ഡയറക്ടര്‍ സി.എന്‍. രവിശങ്കറിന്റെ നേതൃത്വത്തില്‍ ഇതിനുള്ള തീവ്രമായ ശ്രമങ്ങള്‍ നടന്നു.
ഇതിനിടയില്‍ ഭക്ഷ്യസുരക്ഷാ വിഭാഗം ഉദ്യോഗസ്ഥര്‍ ഈ സ്ട്രിപ്പുകള്‍ ഉപയോഗിച്ചു തുടങ്ങി. അടുത്തകാലത്ത് അവര്‍ നടത്തിയ പരിശോധനകളിലെല്ലാം ഈ സ്ട്രിപ്പുകളാണ് ഉപയോഗിച്ചത്.
കേരളത്തിലേക്ക് എത്തുന്ന ഫോര്‍മലിന്‍ കലര്‍ത്തിയ മത്സ്യം കണ്ടെത്താന്‍ സഹായിച്ചതും ഈ സ്ട്രിപ്പുകളാണ്. മുംബൈയിലുള്ള സ്ഥാപനവുമായി ഇതു സംബന്ധിച്ച് കരാറുണ്ടാക്കാന്‍ സിഫ്റ്റിന് കഴിഞ്ഞു. രണ്ടാഴ്ചയ്ക്കകം മീനില്‍ വിഷസാന്നിധ്യം കണ്ടെത്താനുള്ള സ്ട്രിപ്പുകള്‍ പുറത്തിറങ്ങും.