നിയാസ് മുസ്തഫ
മധ്യപ്രദേശിലെ കോൺഗ്രസ് അധ്യക്ഷ സ്ഥാനം മുഖ്യമന്ത്രി കമൽനാഥ് ഒഴിഞ്ഞേക്കും. നിലവിൽ പാർട്ടി അധ്യക്ഷ സ്ഥാനത്തോടൊപ്പം മുഖ്യമന്ത്രി സ്ഥാനവും വഹിക്കുന്നത് കമൽനാഥാണ്. എഐസിസി ജനറൽ സെക്രട്ടറി ജ്യോതിരാദിത്യ സിന്ധ്യ പാർട്ടി അധ്യക്ഷ സ്ഥാനത്തേക്ക് എത്താനാണ് സാധ്യത. സിന്ധ്യയെ പാർട്ടി അധ്യക്ഷനാക്കണമെന്ന ആവശ്യവുമായി കമൽനാഥ് മന്ത്രിസഭയിലെ മൂന്നു മന്ത്രിമാർ പരസ്യമായി രംഗത്തുവന്നിരി ക്കുകയാണ്.
വനിതാ ശിശുക്ഷേമ മന്ത്രി ഇമാർതി ദേവി, ഭക്ഷ്യ മന്ത്രി പ്രദ്യുമ്ന സിംഗ് തോമർ, റവന്യു മന്ത്രി ഗോവിന്ദ് സിംഗ് രാജ്പുത് എന്നിവരാണ് ഈ ആവശ്യവുമായി രംഗത്തെത്തിയത്.
മധ്യപ്രദേശിൽ 29ലോക്സഭാ സീറ്റുകളാണ് ഉള്ളത്. ഇതിൽ ഒരു സീറ്റിൽ മാത്രമാണ് കോൺഗ്രസിന് വിജയിക്കാനായത്. 2014ൽ രണ്ടു സീറ്റിൽ വിജയിച്ചിരുന്നു. ജ്യോതിരാദിത്യ സിന്ധ്യയും മുൻ മുഖ്യമന്ത്രി ദിഗ് വിജയ് സിംഗുമാണ് പരാജയപ്പെട്ട പ്രമുഖർ. സിന്ധ്യ കുടുംബത്തിന് സ്വാധീനമുള്ള ഗുണയിൽ ജ്യോതിരാദിത്യ സിന്ധ്യ പരാജയപ്പെട്ടത് കോൺഗ്രസിന് ഇപ്പോഴും വിശ്വസിക്കാൻ കഴിഞ്ഞിട്ടില്ല.
കമൽനാഥ് മുഖ്യമന്ത്രിയായപ്പോൾ ഒഴിഞ്ഞ ചിന്ദ്വാരയിൽ മകൻ നകുൽ നാഥാണ് മത്സരിച്ചത്. ഈ സീറ്റിൽ മാത്രമാണ് കോൺഗ്രസിനു വിജയിക്കാനായത്. മധ്യപ്രദേശിൽ കോൺഗ്രസ് സ്ഥാനാർഥികളെ വിജയിപ്പിക്കുന്നതിൽ മുഖ്യമന്ത്രി കമൽനാഥ് വേണ്ടത്ര ശുഷ്കാന്തി കാട്ടിയില്ലെന്നും മകൻ മത്സരിച്ച സീറ്റിൽ മാത്രമാണ് അദ്ദേഹം ശ്രദ്ധ കേന്ദ്രീകരിച്ചതെന്നും കോൺഗ്രസ് അധ്യക്ഷൻ രാഹുൽഗാന്ധി വിമർശിച്ചിരുന്നു.
പാർട്ടിയിലും ഭരണത്തിലും വേറെ വേറെ നേതൃത്വം വേണമെന്നും ഒരാൾ തന്നെ രണ്ടു പദവികളും വഹിക്കുന്നത് ശരിയല്ലെന്നുമാണ് മന്ത്രിമാർ വ്യക്തമാക്കുന്നത്. കമൽനാഥ് ഏതെങ്കിലും ഒരു പദവി ഒഴിയണമെന്നാണ് മന്ത്രിമാരുടെ ആവശ്യം. മുഖ്യമന്ത്രി സ്ഥാനം ജ്യോതിരാദിത്യ സിന്ധ്യക്കു നൽകണമെന്നും ആവശ്യ മുയർന്നിട്ടുണ്ട്.
അതേസമയം, കമൽനാഥ് സർക്കാരിനെ അട്ടിമറിക്കാനുള്ള ശ്രമം ബിജെപി തുടരുന്നുണ്ട്. നിയമസഭയിൽ സർക്കാരിന് ഭൂരിപക്ഷമില്ലെന്നും വിശ്വാസവോട്ട് തേടാൻ പ്രത്യേക സമ്മേളനം വിളിക്കണമെന്നും ആവശ്യപ്പെട്ട് ബിജെപി നേതൃത്വം ഗവർണറെ സമീപിച്ചിരുന്നു.
230 അംഗ മധ്യപ്രദേശ് നിയമസഭയിൽ 116 അംഗങ്ങളുടെ പിന്തുണയാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്. കോണ്ഗ്രസിന് 114 സീറ്റും ബിജെപിക്ക് 109 സീറ്റും. ബി എസ് പിയുടെ രണ്ട് എംഎൽഎമാരുടേയും എസ് പിയുടെ ഒരു എംഎൽഎയുടേയും നാല് സ്വതന്ത്രന്മാരുടേയും പിന്തുണ സർക്കാരിനുണ്ട്.