മങ്കൊമ്പ്: കാവാലം പ്രദേശത്തു വീടിന്റെ മതിലുകളിൽ പെയിന്റ് ഉപയോഗിച്ചു അടയാളങ്ങൾ പതിച്ചതു നാട്ടുകാരിൽ പരിഭ്രാന്തി പരത്തുന്നു.
കാവാലം കുന്നുമ്മ തട്ടാശേരി-സിഎംഎസ് റോഡിലെ നിലവുന്തറ പ്രദേശത്തെ മൂന്നു വീടുകളുടെ മതിലുകളിലാണ് കത്രികയുടെ ആകൃതിയിൽ അടയാളപ്പെടുത്തിയിരിക്കുന്നത്.
മൂന്നു ദിവസങ്ങൾക്കു മുൻപാണ് അടയാളങ്ങൾ വീട്ടുകാരുടെ ശ്രദ്ധയിൽ പെടുന്നത്. തുടർന്നു വീട്ടുകാർ പുളിങ്കുന്ന് പോലീസിൽ പരാതി നൽകി. പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.
സഖറിയാസ് നിലവന്തറ, മുട്ടുങ്കൽ ടോജോ, കൊച്ചുപടാരത്ത് ബേബിച്ചൻ എന്നിവരുടെ വീടുകളുടെ മതിലുകളിലാണ് കത്രിക ചിഹ്നം പതിക്കപ്പെട്ടത്.
അടയാളങ്ങൾ കണ്ടതിനെത്തുടർന്നു പല കഥകളും പരക്കുന്നതോടെ ആളുകൾക്കിടയിൽ ഭീതിയും വളരുകയാണ്. നേരത്തെ മറുനാടൻ മോഷ്ടാക്കളും മറ്റും പകൽ നാട്ടിൽ ചുറ്റിയടിച്ചു നടന്നിട്ടു രാത്രി മോഷണം നടത്താൻ ലക്ഷ്യമിടുന്ന വീടുകളിൽ അടയാളങ്ങൾ ഇട്ടിട്ടുപോകുന്ന രീതിയുണ്ടെന്നു വാർത്തകൾ വന്നിരുന്നു.
അത്തരം നീക്കമെന്തെങ്കിലുമാണോ ഇതിന്റെ പിന്നിലെന്നാണ് ചിലരുടെ സംശയം. എന്നാൽ, സാമൂഹ്യവിരുദ്ധരാണ് ഇതിനു പിന്നിലെന്നാണ് പോലീസ് പറയുന്നത്.
ആശങ്ക വേണ്ടെന്നും പ്രദേശത്തു പട്രോളിംഗ് കൂടുതൽ ശക്തമാക്കിയതായും പുളിങ്കുന്ന് സിഐ പറഞ്ഞു. അതേസമയം, പ്രദേശത്തു പകൽ സമയത്തു പോലും ലഹരിവസ്തുക്കളുടെ കൈമാറ്റവും ഉപയോഗവും പെരുകിയതായി പ്രദേശവാസികൾ പറയുന്നു.
വർഷങ്ങൾക്കു മുൻപ് വീടുകളുടെ ജനാലകളിലും മറ്റും സ്റ്റിക്കറുകൾ കാണപ്പെടുന്നതു ജനങ്ങൾക്കിടയിൽ ഭീതി പരത്തിയിരുന്നു.