ലണ്ടൻ: “പ്രായം തളർത്താത്ത പോരാട്ട വീര്യം’ എന്നത് ക്ലീഷെ ആണെങ്കിലും ഇവിടെയത് പറയാതിരിക്കാനാവില്ല. 95-ാം വയസിൽ സ്കൂബ ഡൈവ് ചെയ്താൽ അതിനെ ഇങ്ങനെയല്ലാതെ പിന്നെങ്ങനെയാണ് വിശേഷിപ്പിക്കുക?.
അങ്ങനെ ഒരത്ഭുതം ഉണ്ടായത് ലണ്ടനിലാണ്. 95 കാരനായ റേ വൂളി എന്നയായാളാണ് സൈപ്രസ് തീരത്തെ മെഡിറ്ററേനിയൻ കടലിടുക്കിൽ സ്കൂബഡൈവ് നടത്തിയത്.
കണക്കുകൾ പ്രകാരം ലോകത്തിലെ ഏറ്റവും പ്രായംചെന്ന സ്കൂബ ഡൈവറാണ് വൂളി. സ്വന്തം പേരിലുള്ള റിക്കാർഡ് തകർത്ത വൂളി 45 മിനിറ്റോളമാണ് വെള്ളത്തിനടിയിൽ ചെലവിട്ടത്.
തനിക്ക് ഇപ്പോൾ കാര്യമായ ആരോഗ്യ പ്രശ്നങ്ങൾ ഒന്നും ഇല്ലെന്നും ആരോഗ്യസ്ഥിതി ഇങ്ങനെ തുടർന്നാൽ അടുത്ത വർഷം വീണ്ടും റിക്കാർഡ് തിരുത്തുന്ന പ്രകടനവുമായെത്തുമെന്നും പറഞ്ഞാണ് വൂളി മടങ്ങിയത്.