പത്തനംതിട്ട: ഇരുമുടിക്കെട്ടുമായി കൊല്ലത്ത് നിന്നും സ്കേറ്റിംഗ് ചെയ്ത് റോളർ സ്കേറ്റിംഗ് താരങ്ങൾ ശബരിമലയിലേക്കുള്ള യാത്രയിൽ റാന്നിയിലെത്തി.
ഇന്നലെ രാവിലെയാണ് സംഘം കൊല്ലം കളക്ടറേറ്റിനടുത്തുള്ള കൊട്ടാരക്കുളം ഗണപതി ക്ഷേത്രത്തിനു മുന്നിൽ നിന്നും ശബരിമലയെ ലക്ഷ്യമാക്കി യാത്ര തുടങ്ങിയത്. സ്പോർട്സിലൂടെ ആരോഗ്യം നേടൂ ജീവിത ശൈലി രോഗങ്ങൾ ഒഴിവാക്കൂ, പ്ലാസ്റ്റിക് രഹിത ശുചിത്വകേരളം സുന്ദര കേരളം എന്നീ സന്ദേശവുമായിട്ടായിരുന്നു യാത്ര. കൊല്ലം ഹൈസ്കൂൾ കവല, അഞ്ചാലുംമൂട്, പെരിനാട്, കുണ്ടറ, കൊട്ടാരക്കര അടൂർ വഴി പത്തനംതിട്ട കവലയിലെത്തിയ യാത്ര വൈകുന്നേരത്തോടെ റാന്നി – പെരുനാട്ടിലെത്തി വിശ്രമിച്ചു.
ഇന്നു രാവിലെ പെരുനാട്ടു നിന്നും തുടങ്ങുന്ന യാത്ര ളാഹ വഴി പമ്പയിൽ സമാപിക്കും. തുടർന്ന് കാൽനടയായി താരങ്ങൾ സന്നിധാനത്തെത്തി ദർശനം നടത്തി മടങ്ങും. ജില്ലാ, സംസ്ഥാന, ദേശീയ സ്പീഡ്, ആർട്ടിസ്റ്റിക്, റോളർ ഹോക്കി താരങ്ങളും പരിശീലകരുമായ പി. ആർ. ബാലഗോപാൽ, എസ്.ബിജു, അനുരാജ് പൈങ്ങാവിൽ, ബി.ജി. ബാൽശ്രേയസ്, പി. ബി. അബിൻ, നവീൻ ഹരീഷ്, സിബി സുകുമാരൻ, അനന്ത നാരായണൻ തുടങ്ങിയവരാണ് സ്കേറ്റിംഗ് യാത്രയിൽ പങ്കെടുക്കുന്നത്.
ചക്രവീലുകളിൽ തെന്നി തുടർച്ചയായി നടത്തുന്ന ഇരുപതാമത്തെ റോളർ സകേറ്റിംഗ് യാത്രയാണ് കൊല്ലത്ത് നിന്നും ശബരിമലയിലേക്ക് പോകുന്നതെന്ന് സംഘാടകർ പറഞ്ഞു.