മട്ടാഞ്ചേരി: ഹെൽമെറ്റില്ലാതെയും മദ്യപിച്ചും വാഹനം ഓടിക്കുന്നത് ഒഴിവാക്കാനായി വിദ്യാർഥി ഒരുക്കിയ സാങ്കേതിക സംവിധാനത്തിന് മോട്ടോർ വാഹന വകുപ്പിന്റെ അഭിനന്ദനം.
മട്ടാഞ്ചേരി ചുള്ളിക്കൽ സ്വദേശി എഡോൺ ജോയി എന്ന പതിനെട്ടുകാരനാണ് ഹെൽമെറ്റില്ലാതെയും മദ്യപിച്ചും വാഹനം ഓടിക്കാൻ ശ്രമിച്ചാൽ വാഹനം സ്റ്റാർട്ടാകാത്ത സാങ്കേതികവിദ്യ വികസിപ്പിച്ചത്.
ഇത് ജനശ്രദ്ധയാകർഷിച്ചതോടെ മട്ടാഞ്ചേരി ജോയിന്റ് ആർടിഒ ജെബി ഐ. ചെറിയാന്റെ നിർദേശത്തെത്തുടർന്ന് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ കെ.അഫ്സൽ അലി, അസി. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ കെ.എൽ. അനീഷ് എന്നിവർ വീട്ടിലെത്തി അഡോണിനെ അഭിനന്ദിച്ചു. വാഹന വകുപ്പിന്റെ പ്രശംസാപത്രവും കൈമാറി.
ഒരു ചിപ്പിലേക്ക് റൈറ്റ് ചെയ്ത് പിസിബിയുമായി ബന്ധിപ്പിച്ച് സ്കൂട്ടറിന്റെ പെട്ടിയിൽ സൂക്ഷിക്കാവുന്ന സംവിധാനമാണ് ഇതിനായി എഡോൺ തയറാക്കിയിരിക്കുന്നത്.
ഇത് ഹെൽമെറ്റുമായി ബന്ധപ്പെടുത്തിയിരിക്കുകയാണ്.അത് കൊണ്ട് തന്നെ ഹെൽമെറ്റ് തലയിലില്ലെങ്കിൽ വണ്ടി സ്റ്റാർട്ടാകില്ല. മദ്യത്തിന്റെ മണം ഹെൽമറ്റിൽ അനുഭവപ്പെട്ടാലും വണ്ടി സ്റ്റാർട്ട് ആകില്ല. ഈ സംവിധാനം ഒരുക്കാൻ 6,500 രൂപയാണ് ചെലവായത്.
ഇതുകൊണ്ടു മാത്രമായില്ല എഡോണിന്റെ കണ്ടുപിടുത്തങ്ങൾ. ഫോണിൽ ഒരുക്കിയ ആപ് പ്രകാരം വണ്ടി സ്റ്റാർട്ട് ചെയ്യുവാനും, ഓഫാക്കുനും സജ്ജീകരണമൊരുക്കിയിട്ടുണ്ട്.
വണ്ടി എവിടെയാണെങ്കിലും ഈ സംവിധാനം ഉപയോഗപ്പെടുത്താം. വാഹനം എവിടെയെങ്കിലും അപകടത്തിൽപെട്ടാൽ ആ വിവരം എസ്എംഎസ് സന്ദേശം ഫോണിൽ വരുന്നതിനുള്ള പ്രത്യേക ആപ്പും എഡോൺ തയാറാക്കിയിട്ടുണ്ട്.
ഇത് എല്ലാ വാഹനങ്ങളിലും ഉപയോഗപെടുത്താമെന്നാണ് എഡോൺ പറയുന്നത്. കെ.ജെ. മാക്സി എംഎൽഎയും അഡോണിനെ വസതിയിലെത്തി അഭിനന്ദിച്ചു. നിരവധി പേരാണ് ഈ സംവിധാനം ഘടിപ്പിക്കുന്നതിനായി എഡോണിനെ സമീപിക്കുന്നത്.
ചുള്ളിക്കൽ കീനേഴ്സിൽ ജോയി പോൾ-ഡീന ദന്പതികളുടെ മകനായ എഡോൺ കലൂർ മോഡൽ ടെക്നിക്കൽ സ്കൂളിൽനിന്നാണ് ഹയർസെക്കൻഡറി പഠനം പൂർത്തീകരിച്ചത്. ഇലക്ട്രിക് എൻജിനീയറിംഗ് ചെയ്യണമെന്നാണ് ആഗ്രഹം. ഏക സഹോദരൻ ഡിയോൺ ഒന്പതാം ക്ലാസ് വിദ്യാർഥിയാണ്.