മട്ടന്നൂർ: ഒന്നര വർഷം മുന്പ് മോഷണം പോയ സ്കൂട്ടർ മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് വിഭാഗത്തിന്റെ അന്വേഷണത്തിൽ കണ്ടെത്തി. കുടുക്കിമെട്ടയിലെ വർക്ക് ഷോപ്പിൽ നിന്നാണ് വാഹനം കണ്ടെത്തിയത്.
കഴിഞ്ഞ ദിവസം കാഞ്ഞിരോട് മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് വിഭാഗം വാഹന പരിശോധന നടത്തുന്നതിനിടെ കെഎൽ 46 വി 4159 എന്ന നമ്പറിലുള്ള ഹോണ്ട ആക്ടീവ സ്കൂട്ടർ പരിശോധിച്ച് പിഴ ഈടാക്കി വിട്ടിരുന്നു.
തുടർന്ന് നിയമ ലംഘനത്തിന്റെ പേരിൽ ചലാൻ കിട്ടിയ പാലക്കാട് സ്വദേശിയായ വ്യക്തി മോട്ടോർ വാഹന വകുപ്പുമായി ബന്ധപ്പെടുകയും തന്റെ വാഹനം പാലക്കാടുണ്ടെന്ന് ഓൺലൈൻ വഴി ഉദ്യോഗസ്ഥരെ ബോധ്യപ്പെടുത്തുകയും ചെയ്തു.
സംശയം തോന്നിയ ഉദ്യോഗസ്ഥർ സ്കൂട്ടർ ഓടിച്ച ലൈസൻസ് ഉടമയെ കണ്ടെത്തി ചോദ്യം ചെയ്തു. സ്കൂട്ടർ വാടകയ്ക്ക് വാങ്ങിയതാണെന്നും കുടുക്കിമെട്ടയിലെ ഒരാൾക്ക് നൽകിയതായും പറഞ്ഞു.
അന്വേഷണത്തിന്റെ ഭാഗമായി കുടുക്കിമെട്ടയ്ക്ക് സമീപത്തെ ഒരു ഇരുചക്ര വാഹന വർക്ക് ഷോപ്പിൽ പരിശോധന നടത്തിയെങ്കിലും ആദ്യം സ്കൂട്ടർ കണ്ടെത്താനായില്ല.
വിശദമായി പരിശോധ നടത്തുന്നതിനിടെ ഭാഗികമായി പൊളിച്ചിട്ട നിലയിൽ ഒരു സ്കൂട്ടർ കണ്ടെത്തുകയായിരുന്നു. പൊളിച്ചിട്ട സ്കൂട്ടർ കൂട്ടിയോജിപ്പിച്ചതോടെയാണ് വാഹന പരിശോധനയിലെത്തിയ സ്കൂട്ടറാണെന്ന് മനസിലായത്.
വ്യാജ നമ്പർ പ്ലേറ്റാണ് ഉപയോഗിച്ചത്. വിദഗ്ധ പരിശോധനയിൽ ഈ വാഹനത്തിന്റെ യഥാർഥ നമ്പർ കെഎൽ 78 എ 3188 ആണെന്നു തിരിച്ചറിഞ്ഞു. ഇത് കാക്കയങ്ങാട് വീടിന് സമീപത്തു നിന്ന് മോഷണം പോയ സ്കൂട്ടറാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് മട്ടന്നൂർ പോലീസിനു കൈമാറി.
വൻ വാഹന മോഷണ റാക്കറ്റ് കണ്ണൂർ ജില്ലയിൽ പ്രവർത്തിക്കുന്നതായി മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.
മോഷ്ടിക്കുന്ന വാഹനം വർക്ക് ഷോപ്പിലെത്തിച്ച് പൊളിച്ച് വിൽക്കുകയാണ് ചെയ്യുന്നത്. ചില വാഹനങ്ങൾ നമ്പർ പ്ലേറ്റും കളറും ആർസിയുമൊക്കെ മാറ്റി വാടകയ്ക്ക് നൽകുന്നതായും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടർ പി.കെ. ജഗൻലാൽ, കെ.ബി. ഷിജോ, അസിസ്റ്റന്റ് ഇൻസ്പെക്ടർമാരായ വി.കെ. സുധീവ്, കെ.പി. ജോജു, ഡ്രൈവർ സി. സുധീർ എന്നിവർ അടങ്ങിയ സംഘമാണ് വാഹനം പിടികൂടിയത്.