കാഞ്ഞിരപ്പള്ളി: സ്കൂട്ടറിൽ യാത്ര ചെയ്തിരുന്ന ആറു വയസുകാരനേയും ബന്ധുവിനെയും ഇടിച്ചിട്ട ഇന്നോവ കാർ നിർത്താതെ പോയി. മുണ്ടക്കയം വേലനിലം ഉറുന്പിൽ ജോസഫ്തോമസ്, സഹോദര പുത്രൻ അലൻ സന്തോഷ് എന്നിവരെയാണ് കാർ ഇടിച്ചിട്ടത്. ഇന്നലെ ഉച്ചയ്ക്ക് 12 ഓടെയായിരുന്നു അപകടം.
ദേശീയ പാത 183ൽ വെളിച്ചിയാനിക്ക് സമീപത്താണ് സ്കൂട്ടറിൽ സഞ്ചരിച്ച ജോസഫിനെയും അലനെയും അമിതവേഗത്തിൽ പിന്നാലെ വന്ന ഇന്നോവ കാർ ഇടിച്ചിട്ടത്. അപകടത്തിൽ റോഡിലേക്ക് തെറിച്ചുവീണ് ഗുരുതരമായി പരിക്കേറ്റ ഇവരെ സഹായിക്കാതെ, കാർ യാത്രികർ വേഗത്തിൽ ഓടിച്ചു പോവുകയായിരുന്നു. പരിക്ക് പറ്റിയ ഇവരെ ഇതുവഴി വന്ന യാത്രക്കാരാണ് കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ എത്തിച്ചത്. തുടർന്ന് അലനെ മെഡിക്കൽ കോളജിലേക്ക് മാറ്റി.
കങ്ങഴയിലെ അലന്റെ വീട്ടിലേക്കു പോകുന്ന വഴിക്കായിരുന്നു അപകടം ഉണ്ടായത്. സംഭവത്തിൽ കാഞ്ഞിരപ്പള്ളി പോലീസ് അന്വേഷണം ആരംഭിച്ചു. ഇന്നലെ തന്നെ സംഭവസ്ഥലത്തെയും വാഹനം കടന്നുപോയ വഴികളിലെയും സിസിടിവി ദ്യശ്യങ്ങൾ ശേഖരിച്ചെന്നും ഉടൻ തന്നെ കുറ്റം ചെയ്തവരെ അറസ്റ്റ് ചെയ്യുമെന്നും പോലീസ് പറഞ്ഞു.