എടത്വ (ആലപ്പുഴ): റോഡിനോടു ചേർന്നുള്ള തോട്ടിൽ ഉടമസ്ഥനില്ലാതെ സ്കൂട്ടർ കണ്ടെത്തിയതോടെ എടത്വയിൽ ജനം പരിഭ്രാന്തിയിലായതു മണിക്കൂറുകൾ.
സ്കൂട്ടറിലുണ്ടായിരുന്നയാൾ തോട്ടിൽവീണെന്ന സംശയമാണ് പരിഭ്രാന്തി സൃഷ്ടിച്ചത്. തുടർന്ന് പോലീസും നാട്ടുകാരും ചേർന്നു പരിശോധന നടത്തിയെങ്കിലും ആരെയും കണ്ടെത്തിയില്ല. ഒടുവിൽ ഒരുവിധത്തിൽ സ്കൂട്ടർ കരയ്ക്ക് എത്തിച്ചശേഷം നടത്തിയ അന്വേഷണത്തിലാണ് ഉടമ സുഖമായി വീട്ടിലുണ്ടെന്നറിഞ്ഞത്.
ഇന്നലെ വൈകുന്നേരം നാലോടെ എടത്വ വെട്ടുതോടിന് സമീപം മാർത്തോമ ഇംഗ്ലീഷ് മീഡിയം സ്കൂളിനു മുൻവശത്തെ തോട്ടിലായിരുന്നു സംഭവം. സ്കൂട്ടർ തോട്ടിലേക്ക് വീണ സമയത്ത് ഉടമ കരയിലേക്ക് ചാടി രക്ഷപ്പെടുകയായിരുന്നു.
സ്കൂട്ടർ കരയ്ക്ക് എത്തിക്കാൻ ആളെ തിരക്കി ഇയാൾ പോകുകയും ചെയ്തു. ഇതാണ് ആശയക്കുഴപ്പം വലുതാക്കിയത്.