എൺപതിനായിരം രൂപ വിലയുള്ള സ്കൂട്ടറിന് ട്രോഫിക് പോലീസ് പിഴയിട്ടത് ഒരുലക്ഷത്തി അറുപതിനായിരം രൂപ! ബംഗളൂരുവിലാണു സംഭവം. നഗരത്തിലെ ട്രാവല്‍ ഏജന്റായ പെരിയസാമിയുടെ പേരിലുള്ളതാണു സ്കൂട്ടർ. മൂന്നു വർഷത്തിനുള്ളിൽ 311 തവണയാണ് ഈ സ്കൂട്ടർ നിയമലംഘനം നടത്തിയത്.
തുടർച്ചയായ നിയമലംഘനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ട ട്രാഫിക് പോലീസ് ഉദ്യോഗസ്ഥർ പെരിയസ്വാമിയെ തിരക്കി അയാളുടെ ട്രാവല്‍ ഏജൻസിയിലെത്തി. സ്കൂട്ടർ താനല്ലാതെ ബന്ധുവടക്കം മറ്റു രണ്ടുപേർകൂടി ഉപയോഗിക്കുന്നുണ്ടെന്നും നിയമലംഘനം നടത്തിയത് ആരെന്ന് അറിയില്ലെന്നും പെരിയസ്വാമി പറഞ്ഞെങ്കിലും പിഴ അടയ്ക്കാതെ പറ്റില്ലെന്നായി ഉദ്യോഗസ്ഥർ. കുറച്ച് പണം ഇപ്പോഴടയ്ക്കാം, ബാക്കി പിന്നെ അടയ്ക്കാമെന്നൊക്കെ പെരിയസ്വാമി പറഞ്ഞുനോക്കിയെങ്കിലും ട്രാഫിക് പോലീസ് സ്കൂട്ടർ കൊണ്ടുപോയി.
വണ്ടിയുടെ വിലയുടെ ഇരട്ടി തുക പിഴ വന്ന സ്ഥിതിക്ക് സ്കൂട്ടർ ഉപേക്ഷിക്കാമെന്നു വച്ചാൽ അതിനും പെരിയസ്വാമിക്കു കഴിയില്ല. പിഴ അടയ്ക്കാതിരുന്നാല്‍ കോടതി നോട്ടീസ് അയയ്ക്കും. പിന്നീടത് വാറൻഡാകും. പിഴത്തുക ഇപ്പോഴുള്ളതിലും കൂടുതലുമായേക്കാം. എന്തായാലും ബന്ധുവും സുഹൃത്തും കൂടി പെരിയസ്വാമിക്കു കൊടുത്തത് എട്ടിന്റെ പണിയായിപ്പോയി!