പയ്യന്നൂര്‍: വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന ദമ്പതികളുടെ സ്കൂട്ടറുകള് കത്തിച്ചു.കുന്നരു കാരന്താട് യൂപി സ്കൂളിന് സമീപത്തെ കൂലേരി സുരേന്ദ്രന്റെയും ഭാര്യയുടേയും സ്കൂട്ടറുകളാണ് അഗ്നിക്കിരയാക്കിയത്. ഇന്ന് പുലര്‍ച്ചെ മൂന്നോടെയാണ് സംഭവം. വീട്ടുമുറ്റത്ത് അടുത്തടുത്തായി നിര്‍ത്തിയിട്ടിരുന്ന രണ്ടു സ്കൂട്ടറുകള്‍ക്കാണ് തീവച്ചത്.
തീയും പുകയും കണ്ട് വീട്ടുകാര്‍ ഉണര്‍ന്നെഴുന്നേറ്റ് വന്ന് വെള്ളമൊഴിച്ച് തീയണയ്ക്കാന്‍ ശ്രമിക്കുമ്പോഴേക്കും രണ്ടു സ്കൂട്ടറുകളും പൂര്‍ണമായും കത്തി നശിച്ചിരുന്നു. പെട്രോളൊഴിച്ചാണ് സ്കൂട്ടറുകള്‍ക്ക് തീവെച്ചതെന്നാണ് കരുതുന്നത്. സുരേന്ദ്രന്റെ കെഎല്‍ 59 ക്യു 8854, കുഞ്ഞിമംഗലത്തെ ബാങ്ക് ജീവനക്കാരിയായ ഭാര്യ കെ.വി. ഷീനയുടെ കെഎല്‍ 59 കെ 8501 എന്നീ ഹീറോ ഹോണ്ടയുടെ സ്കൂട്ടറുകള്‍ക്കാണ് തീവെച്ചത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് അന്വേഷണമാരംഭിച്ചു.
കുഞ്ഞിമംഗലം അണിയക്കര ക്ഷേത്രത്തിന്റെ കമ്മിറ്റിയംഗവും ഉപക്ഷേത്രമായ കുന്നരു അണിയക്കര ക്ഷേത്രം ഓഡിറ്റോറിയത്തിന്റെ സെക്രട്ടറിയുമായി പ്രവര്‍ത്തിച്ചു വരികയാണ് സുരേന്ദ്രന്. കുറച്ച് നാളുകളായി കുഞ്ഞിമംഗലം അണിയക്കര ക്ഷേത്രം നടത്തിപ്പുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ചില അസ്വാരസ്യങ്ങള്‍ നിലനില്ക്കുകയായിരുന്നുവെന്നും ഇതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തിനെതിരെ പയ്യന്നൂര്‍ പോലീസില്‍ കേസും നിലനില്‍ക്കുന്നുണ്ടെന്നും സുരേന്ദ്രന് പറയുന്നു.