മുറ്റിച്ചൂർ: അന്തിക്കാട് ഗ്രാമപഞ്ചായത്ത് 13-ാം വാർഡ് മെന്പറും വനിതാ കോൺഗ്രസ് നേതാവുമായ ശാന്ത സോളമന്റെ സ്കൂട്ടർ സാമൂഹ്യവിരുദ്ധർ തീവച്ച് നശിപ്പിച്ചനിലയിൽ. ഇന്നലെ രാത്രിയാണ് സംഭവം. കൂടോത്ത് ക്ഷേത്രത്തിനടുത്തുള്ള ശാന്ത സോളമന്റെ വീട്ടുമുറ്റത്ത് പാർക്ക് ചെയ്തിരുന്ന സ്കൂട്ടറാണ് കത്തിനശിച്ചത്.
കരിയുന്ന മണം പുറത്ത് വന്നപ്പോഴാണ് വീട്ടുകാർ വാതിൽതുറന്ന് നോക്കിയത്. അപ്പോഴേക്കും സ്കൂട്ടർ കത്തിനശിച്ചിരുന്നു.വിവരമറിഞ്ഞ് രാത്രിയിൽ തന്നെ ചേർപ്പ് സിഐ മനോജ്കുമാർ, അന്തിക്കാട് എസ്ഐ സുനീഷ്കുമാർ എന്നിവരുടെ നേതൃത്വത്തിൽ പോലീസ് സംഘവും സ്ഥലത്തെത്തിയിരുന്നു.
സംഭവമറിഞ്ഞ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എം. കിഷോർ ഉൾപ്പെടെയുള്ള ജനപ്രതിനിധികൾ, ഡിസിസി വൈസ് പ്രസിഡന്റ് ജോസ് വള്ളൂർ, മണ്ഡലം പ്രസിഡന്റ് വി.കെ. മോഹനൻ, കർഷക കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഇ. രമേശൻ എന്നിവരും സ്ഥലത്തെത്തിയിരുന്നു. സംഭവത്തിൽ പ്രതിഷേധിച്ച് ഇന്ന് വൈകീട്ട് അഞ്ചിന് കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ അന്തിക്കാട് സെന്ററിൽ പ്രതിഷേധ പ്രകടനവും പൊതുയോഗവും ഉണ്ടാകും.