പ്രവീണ്‍ തോട്ടത്തിൽ
പരപ്പനങ്ങാടി: ഇന്ത്യൻ റോഡുകളിൽ ഇനി മുതൽ പകൽരാത്രി ഭേദമന്യേ പുതിയ ഇരുചക്രവാഹനങ്ങൾ മുഴുവൻ സമയവും ഹെഡ് ലൈറ്റ് പ്രകാശിപ്പിച്ചായിരിക്കും യാത്ര. ഇരുചക്രവാഹനങ്ങളുടെ ഭേഗഗതി വരുത്തിയ മുഴുവൻ മോഡലുകളും വിപണിയിലെത്തി. ഈവർഷം മുതൽ കന്പനി ഇറക്കിയ എല്ലാ ഇന്ത്യൻ നിർമിത ഇരുചക്രവാഹനങ്ങൾ ഇത്തരത്തിൽ ഭേദഗതി വരുത്തിയ വാഹനങ്ങളാണ് വിപണിയിൽ എത്തി തുടങ്ങിയത്.
ഹാൻഡിലിൽ ഘടിപ്പിച്ച ഹെഡ് ലൈറ്റ് ഓണ്‍ സ്വിച്ച് ഇനി മുതൽ ഉണ്ടാകില്ല. ഡിം ആൻഡ് ബ്രൈറ്റ് സ്വിച്ച് മാത്രം ഫിറ്റ് ചെയ്താണ് വാഹനങ്ങൾ എത്തുന്നത്. വ്യാപകമായ രീതിയിൽ ഇരുചക്രവാഹനങ്ങൾ അപകടത്തിൽപ്പെടുന്നത് കുറയ്ക്കാൻ ഇത് സഹായകമാകുമെന്നതാണ് കണക്കുകൂട്ടുന്നത്. റോഡ് സുരക്ഷ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് കേന്ദ്ര ഗവണ്മെന്റ് ഇത്തരത്തിലുള്ള ഒരു പരിഷ്കാരം ഇരുചക്രവാഹനത്തിൽ വരുത്താനായി നിർമാണ കന്പനികൾക്ക് നിർദേശം നൽകിയത്.
ഇത് പാലിക്കാത്ത ഒരു വാഹനവും ആർടിഒ അതത് ഓഫീസുകളിൽ റജിസ്ട്രേഷൻ അനുവദിക്കില്ല. നേരത്തെ തന്നെ വിലകൂടിയ സ്പോർട്സ് ഇനം ബൈക്കുകൾക്ക് മുഴുവൻ സമയവും ഹെഡ് ലൈറ്റ് തെളിയിച്ച രീതിയിലാണ് ഇറക്കിയിരുന്നത്. മുഴുവൻ സമയം ഹെഡ് ലാന്പ് തെളിയിക്കുന്ന വാഹനത്തിൽ മറ്റു ഭേദഗതികൾ വരുത്തി ലൈറ്റ് തെളിയിക്കാതിരിക്കാൻ ശ്രമിച്ചാൽ പിടിവിഴും.
ഇരുചക്രവാഹനങ്ങൾ അപകടത്തിൽപ്പെടാതിരിക്കാനും ഓവർ സ്പീഡ് നിയന്ത്രിക്കാനും പുതിയ സംവിധാനം സഹായകരമാകും. റോഡ് സുരക്ഷ സംബന്ധിച്ചു അന്തർദേശീയ നിയമങ്ങൾ പാലിച്ചാണ് പുതിയ സംവിധാനം ഏർപ്പെടുത്തുന്നത്.