രാമപുരം: രണ്ടു സ്കൂട്ടറുകള് തമ്മില്‍ കൂട്ടിയിടിച്ച് തെറിച്ചുവീണ യാത്രക്കാരന്റെ മുകളിലൂടെ ലോറി കയറിയിറങ്ങി ദാരുണാന്ത്യം.
രാമപുരം കൊണ്ടാട് മുതുവല്ലൂര്കുന്നേല് ജിസ്മോന് (ഉണ്ണി-40) ആണ് മരണമടഞ്ഞത്. ഇന്നലെ വൈകുന്നേരം 7.30ന് രാമപുരം-കൂത്താട്ടുകുളം റോഡില്‍ പാലവേലിക്ക് സമീപമാണ് അപകടം നടന്നത്.
കൂത്താട്ടുകുളം ഭാഗത്തേക്കു പോകുകയായിരുന്നു ലോറി. ജിസ്മോന് സഞ്ചരിച്ചിരുന്ന സ്കൂട്ടര്‍ ലോറിയെ ഓവര്‍ട്ടേക്ക് ചെയ്ത് കയറിയപ്പോള്‍ രാമപുരം ഭാഗത്തേക്കു പോവുകയായിരുന്ന മറ്റൊരു സ്കൂട്ടറുമായി കൂട്ടിയിടിക്കുകയായിരുന്നു.
വാഹനങ്ങള്‍ കൂട്ടിയിടിച്ചപ്പോള്‍ നിയന്ത്രണം വിട്ട് ജിസ്മോന് ലോറിയുടെ പിന്‍ചക്രങ്ങള്‍ക്ക് ഇടയിലേക്കു തെറിച്ചുവീണു.
ജിസ്മോന് എറണാകുളത്ത് ഫിലിം പ്രൊഡക്ഷന്‍ കമ്പനിയില്‍ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു. സംസ്കാരം പിന്നീട്. രാമപുരം പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.