നാദാപുരം: സ്കൂളില്‍ പോകാതെ സ്കൂട്ടറില്‍ കറങ്ങിയ വിദ്യാര്‍ഥികള്‍ അപകടത്തില്‍പ്പെട്ടു. പന്നിക്കോട്ടൂര്‍ സ്വദേശികളായ രണ്ട് പത്താം ക്ലാസ് വിദ്യാര്‍ഥികളും പേരാമ്പ്ര സ്വദേശിയായ എട്ടാം ക്ലാസുകാരനുമാണ് നാദാപുരം ടൗണില്‍ അപകടത്തില്‍പ്പെട്ടത്.വിദ്യാര്‍ഥികള്‍ സഞ്ചരിച്ച സ്ക്കൂട്ടര്‍ മറ്റൊരു ബൈക്കിലിടിക്കുകയും മൂന്ന് പേരും റോഡിലേക്ക് തെറിച്ച് വീഴുകയുമായിരുന്നു.റോഡില്‍ മറ്റ് വാഹനങ്ങള്‍ ഇല്ലാതിരുന്നതിനാല്‍ വന്‍ അപകടം ഒഴിവായി.
പത്താം ക്ലാസ് വിദ്യാര്‍ഥിയുടെ മാതാവിന്റെ ഉടമസ്ഥതയിലുള്ള സ്കൂട്ടറില്‍ കല്ലാച്ചിയിലേക്ക് വന്ന വിദ്യാര്‍ഥി കൂടെ സുഹൃത്തിനേയും കൂട്ടി.പിന്നീടാണ് തമ്മില്‍ പരിചയം പോലും ഇല്ലാത്ത മൂന്നാമനെയും സ്കൂട്ടറില്‍ കയറ്റിയത്. സ്കൂട്ടറില്‍ വിദ്യാര്‍ഥികള്‍ വരുന്നത് കണ്ടപ്പോള്‍ ലിഫ്റ്റ് ചോദിക്കുകയായിരുന്നെന്നാണ് മൂന്നാമന് പോലീസിന് മൊഴി നല്‍കിയത്.
മുപ്പത് കിലോ മീറ്ററില്‍ അധികം ദൂരമാണ് തിരക്കേറിയ സംസ്ഥാന പാതയിലൂടെ മൂന്നംഗ സംഘം സ്ക്കൂട്ടറില്‍ കറങ്ങിയത്. അപകടത്തില്‍പ്പെട്ടതോടെ സ്ഥലത്തുണ്ടായിരുന്ന ഹോം ഗാര്‍ഡ് സ്കൂട്ടറും വിദ്യാര്‍ഥികളെയും സ്റ്റേഷനില്‍ എത്തിക്കുകയും രക്ഷിതാക്കളോട് ഇന്ന് സ്റ്റേഷനില്‍ എത്താന്‍ ആവശ്യപ്പെടുകയും ചെയ്തു.