വെച്ചൂച്ചിറ: ഇരുചക്ര വാഹനത്തിൽ സഞ്ചരിച്ച പെണ്‍കുട്ടികളെ ഇടിച്ചിട്ട ശേഷം കടന്നുകളഞ്ഞ ബൈക്കിനായുള്ള തെരച്ചിൽ ഉൗർജിതമാക്കി. സിസി ടിവി ദൃശ്യങ്ങൾ അടക്കം പോലീസ് പരിശോധിക്കുന്നു.
ചൊവ്വാഴ്ച വൈകുന്നേരം അഞ്ചിന് വെച്ചൂച്ചിറ ടൗണിലെ പ്രധാന റോഡിലാണ് അപകടമുണ്ടായത്. ആളുകളെ കയറ്റാൻ നിർത്തിയിട്ടിരുന്ന ബസിനെ മറികടന്ന് വന്ന പെണ്‍കുട്ടികൾ സഞ്ചരിച്ച സ്കൂട്ടറിൽ ബസിന്റെ ഇടതു ഭാഗത്തുനിന്നും വന്ന മറ്റൊരു സ്കൂട്ടർ ഇടിക്കുകയായിരുന്നു.
പരിക്കേറ്റ വെച്ചൂച്ചിറ പുത്തേട്ട് ആൻമരിയ (23), പരവരാക്കത്ത് ജോഫിയ ജോജി (18) എന്നിവർ ആശുപത്രിയിൽ ചികിത്സ തേടി. ഇരുവരും നൽകിയ പരാതിയിലാണ് വെച്ചൂച്ചിറ പോലീസ് കേസെടുത്ത് അന്വേഷമം നടത്തുന്നത്.
അപകടം നടന്ന സ്ഥലത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് പോലീസ് അന്വേഷണം പുരോഗമിക്കുന്നത്. ദൃശ്യങ്ങളിൽ പെണ്‍കുട്ടികളെ ഇടിച്ചിട്ട സ്കൂട്ടർ യാത്രികർ വേഗത്തിൽ വാഹനമോടിച്ച് പോകുന്നത് വ്യക്തമാണ്.
അപകടമുണ്ടാക്കിയ സ്കൂട്ടറിലും രണ്ടു യാത്രികരുണ്ടായിരുന്നു. ഇടിച്ചിട്ടുപോയ വാഹനത്തിന്റെ നന്പർ പരിസരത്തുണ്ടായിരുന്നവർക്കും പെണ്‍കുട്ടികൾക്കും കാണാൻ കഴിഞ്ഞില്ല.
സിസി ടിവി ദൃശ്യങ്ങളിൽ നിന്നും നന്പറും മറ്റു വിവരങ്ങളും ലഭിക്കുമോ എന്ന അന്വേഷണത്തിലാണ് പോലീസ്.