പഴയങ്ങാടി: പഴയങ്ങാടി പോലീസ് സ്റ്റേഷൻ പരിധിയിൽ പ്രായപൂർത്തിയാവാത്ത കുട്ടികൾക്ക് സ്കൂട്ടറോടിക്കാൻ നല്കി ആർസി ഉടമകൾക്കെതിരേ പഴയങ്ങാടി പോലീസ് കേസെടുത്തു. 55,000 രൂപ പിഴയും ഇടാക്കി. വെങ്ങര മുട്ടം സലഫി മസ്ജിദിന് സമീപത്തെ സമീറ മൻസിലിൽ പരിയന്റവിടെ സബീന(38), മുട്ടം വെള്ളച്ചാൽ സി.കെ.ഹൗസിൽ കെ.സി.നജീബ് (39) എന്നിവരുടെ പേരിലാണ് കേസ്.
കഴിഞ്ഞ ദിവസം വൈകുന്നേരം 3.30ന് മുട്ടം പിഎച്ച്സിക്ക് സമീപം പഴയങ്ങാടി എസ്ഐ പി.യദുകൃഷ്ണന്റെ നേതൃത്വത്തിൽ വാഹനപരിശോധന നടത്തവെ കെ.എൽ-86 ബി-1546 സ്കൂട്ടറോടിച്ചുവന്ന കുട്ടിയെ കണ്ടത്.
ഈ സംഭവത്തിൽ കുട്ടിക്കു സ്കൂട്ടർ നൽകിയതിനാണ് സബീനക്കെതിരേ കേസ്. ഇന്നലെ രാവിലെ 9.45 ന് എസ്ഐ ടി.പി.ഷാജിമോന്റെ നേതൃത്വത്തിൽ വാഹന പരിശോധന നടത്തവെ വെങ്ങര പോസ്റ്റ് ഓഫീസിന് സമീപത്തു കെ.എൽ-13 എ.സി 9931 നമ്പർ സ്കൂട്ടറോടിച്ച കുട്ടിയെയും പിടികൂടി.
ഈ കുട്ടിക്കു വാഹനം നൽകിയതിനാണ് നജീബിന്റെ പേരിൽ കേസ്. രണ്ട് കേസുകളിലും 55,000 രൂപ വീതം പിഴ നൽകേണ്ടിവരുമെന്നും പോലിസ് അറിയിച്ചു. വാഹനമോടിച്ചവർക്ക് 25 വയസ് കഴിയാതെ ലൈസൻസ് ലഭിക്കില്ലെന്നും പോലീസ് പറഞ്ഞു.