മണ്ണാർക്കാട്: എസ്എസ്എൽസി പരീക്ഷ എഴുതുന്ന ഏഴായിരത്തോളം വരുന്ന സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് വിദ്യാർഥികളുടെ ഭാവി അനിശ്ചിതത്തിൽ.ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ്സ് വിദ്യാർഥികൾക്കു സംസ്ഥാനതലത്തിൽ നടത്തിവരാറുള്ള രാജ്യപുരസ്കാർ പരീക്ഷ സംസ്ഥാന ചീഫ് കമ്മീഷണറുടെ ഉത്തരവുപ്രകാരം ഈ വർഷം ഇതുവരെ നടന്നിട്ടില്ല. കഴിഞ്ഞവർഷം ഡിസംബറിൽ പരീക്ഷ നടക്കുകയും ജനുവരിയിൽ ഫലം പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു.
പരീക്ഷ നടക്കാത്തതുമൂലം എസ്എസ്എൽസി പരീക്ഷയ്ക്കു ഗ്രേസ് മാർക്ക് ലഭിക്കുമോ എന്നാണ് ആശങ്ക. പരീക്ഷ കഴിഞ്ഞശേഷം ഗവർണർ ഒപ്പിട്ട് സർട്ടിഫിക്കറ്റ് വിതരണം ചെയ്യേണ്ടതായിട്ടുണ്ട്. ഇത്തവണ ഡിസംബറിലും ജനുവരി ആദ്യ ആഴ്ചയിലും രണ്ടു ഘട്ടമായി പരീക്ഷ നടത്തുമെന്നറിയിച്ചിരുന്നു.
എന്നാൽ, ഡിപിഐ യുടെ നിർദേശത്തോടെ അതു മാറ്റിവച്ചു. പകരം എന്നു പരീക്ഷ നടത്തും എന്ന കാര്യം ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ഫെബ്രുവരിയിൽ വിദ്യാർത്ഥികൾക്ക് എസ്എസ്എൽസി മോഡൽ പരീക്ഷ തുടങ്ങും. തുടർന്ന് ഐടി പ്രധാന പരീക്ഷയും. ഈ സമയക്രമമാണ് വിദ്യാർത്ഥികളെ ആശങ്കയിലാക്കുന്നത്. വിദ്യാർത്ഥികളുടെ മൂന്നു വർഷത്തെ സേവന പ്രവർത്തനങ്ങൾക്കു കിട്ടുന്നതാണ് ഗ്രേസ് മാർക്ക്.
അതു നഷ്ടപ്പെടുമോ എന്നാണ് രക്ഷിതാക്കളുടെയും കുട്ടികളുടെയും ആശങ്ക. പ്രശ്നം വിദ്യാഭ്യാസമന്ത്രി, ഡിപിഐ എന്നിവരുടെ ശ്രദ്ധയിൽപെടുത്തി വേണ്ട പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് സംസ്ഥാന നേതൃത്വത്തിനും അധ്യാപക സംഘടനകൾക്കും മണ്ണാർക്കാട് ജില്ലാ അസോസിയേഷൻ നിവേദനം നല്കിയിട്ടുണ്ട്.