കൊച്ചി: ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്കായി കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് ആന്‍ഡ് ഗൈഡ്സ് വര്‍ഷം തോറും നടത്തിവരുന്ന റോവര്‍/റേഞ്ച്, നിപുണ്‍ ടെസ്റ്റ് സ്കൗട്ട് ആന്‍ഡ് ഗൈഡിനുള്ള ദ്വിതീയ സോപാന് ടെസ്റ്റുകള്‍ ഈ വര്‍ഷം ത്രിദിന റസിഡന്‍ഷ്യല്‍ ക്യാമ്പിലൂടെ 31നകം നടത്തണമെന്ന സെക്രട്ടറിയുടെ നിര്‍ദേശത്തിനെതിരേ വ്യാപക പ്രതിഷേധം.
പ്ലസ്ടു സ്കൗട്ട് ആന്‍ഡ് ഗൈഡ്സിന് സ്കൂളുകളില്‍ മൂന്നു ദിവസത്തെ സഹവാസ ക്യാമ്പ് മാത്രമേ ഇത്രയും കാലവും നടത്താറുള്ളൂ. പരീക്ഷകള്‍ ലോക്കല്‍ സെന്ററുകളില്‍ ഒരു ദിവസം മാത്രമാണ് നടത്തിയിരുന്നത്. പ്ലസ്ടുവിന് ലോക്കല്‍ ജില്ലകളില്‍ നാളിതുവരെ റസിഡന്‍ഷ്യല്‍ ക്യാമ്പുകള്‍ നടത്തിയിട്ടില്ല.
മാത്രമല്ല ഇക്കാര്യം മുന്‍കൂട്ടി അറിയിക്കാത്തതുകൊണ്ട് തന്നെ ഡിസംബര്‍ 31ന് മുമ്പായി പരീക്ഷകള്‍ നടത്താനുള്ള തയാറെടുപ്പുകള്‍ നടത്തിയിട്ടില്ലെന്നു അധ്യാപകര്‍ പറയുന്നു. നടത്തിയാല്‍ തന്നെ ജനുവരി മാസത്തില്‍ മാത്രമേ പരീക്ഷ നടത്താന്‍ സാധിക്കുകയുള്ളൂ. നവംബര്‍ പകുതിയോടുകൂടിയാണ് എല്ലാ സ്കൂളുകളിലേക്കും ഈ വിവരം സര്‍ക്കുലറുകളിലൂടെ അറിയിച്ചതെന്നാണ് അധ്യാപകരും രക്ഷിതാക്കളും പറയുന്നത്.
വിവിധ സ്കൂളുകളില്‍ നിന്ന് 150 ഓളം കുട്ടികളെയാണ് ഒരു ക്യാമ്പില്‍ പങ്കെടുപ്പിക്കേണ്ടത് എന്നാണ് സര്‍ക്കുലറിലുള്ളത്.എന്നാല്‍ മുന്‍ വര്‍ഷങ്ങളിലെ പോലെ തന്നെ ഒന്നും രണ്ടും വര്‍ഷ വിദ്യാര്‍ഥികള്‍ക്കു നവംബറിനു മുന്‍പേ തന്നെ ത്രിദിന സഹവാസ ക്യാമ്പ് എല്ലാ സ്കൂളുകളും സംഘടിപ്പിച്ചിരുന്നു.
സര്‍ക്കാരിന്റെ യാതൊരു സാമ്പത്തിക സഹായവും ഇല്ലാതെ നടത്തുന്ന ക്യാമ്പുകള്‍ ആയതിനാല്‍ തന്നെ കുട്ടികളുടെ പണം സമാഹരിച്ചാണ് ഇത്തരം ക്യാമ്പുകള്‍ നടത്തുന്നത്. ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ഥികളുടെ രണ്ടാംവര്‍ഷ പ്രാക്ടിക്കല്‍ പരീക്ഷ അടുത്ത ജനുവരി 22ന് തുടങ്ങും. ജനുവരി നാലു മുതല്‍ സ്കൂള്‍ കലോത്സവും നടക്കും.
ജെഇഇ പരീക്ഷ ജനുവരി 24 നാണ്. എല്ലാ സ്കൂളിലും റിവിഷന്‍ ക്ലാസുകളും സീരീസ് ടെസ്റ്റുകളും നടക്കുന്ന ഈ സമയത്ത് വീണ്ടും കുട്ടികളെ ക്യാമ്പിലൂടെ പരീക്ഷയ്ക്ക് ഹാജരാക്കണമെന്നത് വലിയ പ്രതിസന്ധിയുണ്ടാക്കുമെന്നാണ് രക്ഷിതാക്കള്‍ പറയുന്നത്.
ത്രിദിന ക്യാമ്പിന് 600 മുതല്‍ 1000 രൂപ വരെ ചെലവിനായി ഒരോ വിദ്യാര്‍ഥികളില്‍ നിന്നും പിരിവ് എടുക്കണമെന്നും വാക്കാല്‍ നിര്‍ദേശമുണ്ടെന്ന് അധ്യാപകര്‍ പറയുന്നു.
എല്ലാ സ്കൂളുകളിലും വാര്‍ഷിക ക്യാമ്പ് നടത്തിക്കഴിഞ്ഞ സാഹചര്യത്തില്‍ മുന്‍ വര്‍ഷങ്ങളിലേതു പോലെ തന്നെ പരീക്ഷ രാവിലെ ആരംഭിച്ച് വൈകുന്നേരം അവസാനിക്കുന്ന രീതിയില്‍ ക്രമീകരിക്കണമെന്നാണ് അധ്യാപകരുടെ ആവശ്യം.
വിദ്യാര്‍ഥികള്‍ പഠനത്തില്‍ ശ്രദ്ധിക്കേണ്ട പരീക്ഷാക്കാലത്ത് സമയവും സാമ്പത്തിക നഷ്ടവും ഉണ്ടാക്കുന്ന ഈ ക്യാമ്പില്‍ നിന്ന് സ്കൗട്ട് ആന്‍ഡ് ഗൈഡ് പിന്മാറണമെന്ന് എഎച്ച്എസ്ടിഎ ജനറല്‍ സെക്രട്ടറി എസ്.മനോജ് ആവശ്യപ്പെട്ടു.
സീമ മോഹന്‍ലാല്‍