പാലപ്പിള്ളി(തൃശൂർ): പാലപ്പിള്ളിയിലെ റബർ തോട്ടത്തിൽ വീണ്ടും കാട്ടാനയിറങ്ങി. കാട്ടാന വീണ്ടും തൊഴിലാളിയെ ഓടിപ്പിക്കുന്നതിനിടെ വീണ് യുവാവിന് പരിക്ക്. പ്രസാദ് എന്ന തൊഴിലാളിക്കാണ് പരിക്കേറ്റത്.
ഇന്നു രാവിലെ ഏഴോടെയായിരുന്നു സംഭവം. ടാപ്പിംഗിനായി പ്രസാദ് തോട്ടത്തിലൂടെ വരുമ്പോള്‍ കാട്ടാനക്കൂട്ടത്തിനു മുന്പില് പെടുകയായിരുന്നു. ഓടി രക്ഷപ്പെട്ടതിനിടെ വീണാണ് പ്രസാദിന് പരിക്കേറ്റത്.
ഇയാൾ പിന്നീട് വേലൂപ്പാടത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. തോട്ടത്തിലെ 89 ഫീല്‍ഡില്‍ ഇറങ്ങിയ 15 ഓളം കാട്ടാനകളെ തുരുത്താന്‍ വനം വകുപ്പ് ശ്രമം തുടരുകയാണ്. ഇതിനിടെ പിള്ളതോടിനു സമീപം റോഡില്‍ ഒറ്റയാനും ഭീതി വിതച്ചു.
പിള്ളത്തോടിന് സമീപത്തെ ആനത്താരയിലൂടെയാണ് ആനകള്‍ തോട്ടത്തിലെത്തുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ ആനക്കൂട്ടത്തിന്റെ മുന്പില്പ്പെട്ട് ബൈക്ക് മറിഞ്ഞ് തൊഴിലാളികളായ ദമ്പതികള്‍ക്ക് പരിക്കേറ്റതും ആനത്താരിക്ക് സമീപമാണ്.
മാസങ്ങള്‍ക്ക് മുന്‍പ് ടാപ്പിംഗിനായി എത്തിയ സ്ത്രീക്ക് കാട്ടാനയുടെ ആക്രമണത്തില്‍ പരിക്കേറ്റിരുന്നു. കാടിറങ്ങുന്ന ആനക്കൂട്ടം പകല്‍ സമയത്തും റോഡ് മുറിച്ചുകടക്കുന്നത് വാഹനയാത്രക്കാര്‍ക്കും ആശങ്കക്കിടയാക്കുന്നുണ്ട്.
രാവിലെ മുതല്‍ തോട്ടങ്ങളില്‍ ചിന്നംവിളിച്ച് നടക്കുന്ന ആനക്കൂട്ടത്തെ കാടുകയറ്റാന്‍ വനപാലകരും തൊഴിലാളികളും ശ്രമിക്കുന്നുണ്ടെങ്കിലും യാതൊരു ഫലവും ഇതുവരെയുണ്ടായിട്ടില്ല.
ആനകള്‍ സ്ഥിരമായി പോകുന്ന പാതയോരത്ത് മുന്‍കരുതല്‍ ബോര്‍ഡുകള്‍ സ്ഥാപിക്കാനുള്ള ഒരുക്കത്തിലാണ് അധികൃതർ.
ജീവന് പണയപ്പെടുത്തി ടാപ്പിംഗിനിറങ്ങുന്ന തൊഴിലാളികള്‍ക്ക് സുരക്ഷയൊരുക്കാന്‍ അധികൃതരുടെ ഭാഗത്തുനിന്ന് കാര്യക്ഷമമായ നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.