സ്വന്തം ലേഖിക
കൊച്ചി: സംസ്ഥാനത്ത് സ്ക്രീന്‍ ഷെയര്‍ ആപ്പുകളിലൂടെ ഓണ്‍ലൈന്‍ തട്ടിപ്പ് വ്യാപകം. അക്കൗണ്ട് ഉടമയുടെ വിവരങ്ങള്‍ ചോര്‍ത്താനുള്ള പുതുവഴിയായി ഇപ്പോള്‍ തട്ടിപ്പു സംഘങ്ങള്‍ കണ്ടെത്തിയിരിക്കുന്നത് സ്ക്രീന്‍ ഷെയര്‍ (സ്ക്രീന്‍ പങ്കുവക്കല്‍) ആപ്ലിക്കേഷനുകളെയാണ്.
ഇത്തരത്തില്‍ തട്ടിപ്പിന് ഇരയായ സംഭവങ്ങള്‍ സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തതോടെ ജാഗ്രത പാലിക്കണമെന്ന് പോലീസ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
തട്ടിപ്പ് ഈ വിധം
ബാങ്കിന്റെയോ മറ്റു സ്ഥാപനങ്ങളുടെയോ പ്രതിനിധികള്‍ എന്ന വ്യാജേന ഫോണ്‍ ചെയ്യുന്നവര്‍ ഉപഭോക്താക്കളെ ചില ആപ്ലിക്കേഷനുകള്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ നിര്‍ബന്ധിക്കും.
അതിനുള്ള ലിങ്കുകളും മെസേജുകളായി അയച്ചുതരും. ബാങ്കുകളുടേതിനു സമാനമായ വ്യാജ ആപ്ലിക്കേഷനുകള്‍ ഡൗണ്‍ലോഡ് ചെയ്താല്‍ അതിലെ സ്ക്രീന്‍ ഷെയറിംഗ് മാര്‍ഗത്തിലൂടെ അക്കൗണ്ട് ഉടമയുടെ വിവരങ്ങള്‍ ശേഖരിച്ചാണ് തട്ടിപ്പ്.
സ്ക്രീന്‍ ഷെയറിംഗ് സാധ്യമാകുന്ന ഇത്തരം ആപ്ലിക്കേഷനുകള്‍ ഇന്‍സ്റ്റാള്‍ ചെയ്ത് അവ തുറന്നാലുടന്‍ ഫോണിലെ വിവരങ്ങള്‍ തട്ടിപ്പുകാരുടെ കൈകളിലെത്തും.
വിവരങ്ങള്‍ പങ്കുവയ്ക്കും മുമ്പ്
ബാങ്കുകളോ മറ്റ് അംഗീകൃത ധനകാര്യ സ്ഥാപനങ്ങളോ ഉപഭോക്താക്കളോട് വ്യക്തിവിവരങ്ങള്‍ ഫോണിലൂടെ ആവശ്യപ്പെടില്ല. ഇത്തരം ഫോണ്‍കോളുകള്‍, എസ്എംഎസ് സന്ദേശം, ഇ-മെയിലുകള്‍ എന്നിവ അവഗണിക്കണം.
ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍, അവയുടെ കാലാവധി അവസാനിക്കുന്ന തീയതി, സിവിസി, ഒടിപി, പിന് നമ്പറുകള്‍ എന്നിവ ആരുമായും പങ്കുവയ്ക്കരുത്.