ഇന്ന് ലോകം അഭിമുഖീകരിക്കുന്ന പൊതുജനാരോഗ്യ പ്രശ്നങ്ങളിൽ മുന്നിൽ നിൽക്കുന്നത് ജീവിതശൈലീരോഗങ്ങളാണ്. അനഭിലഷണീയ ആഹാരരീതികൾ, വ്യായാമമില്ലയ്മ, പുകയില, മദ്യം, മയക്കുമരുന്ന് എന്നിവയുടെ ഉപയോഗം, മാനസിക പിരിമുറുക്കം തുടങ്ങിയ പുതിയ കാലത്തിന്റെ പ്രത്യേകതകൾ നമുക്ക് നൽകിക്കൊണ്ടിരിക്കുന്ന പകർച്ചേതര വ്യാധികളിൽ ഏറ്റവും മുന്നിൽ കാൻസറും ഉണ്ട്. ആ വിപത്തിൽ നിന്നുള്ള മോചനത്തിനായി ഒത്തൊരൊരുമിച്ചുള്ള പ്രവർത്തനം ആവശ്യമായിരിക്കുന്നു.
പ്രായ-ലിംഗ ഭേദമില്ലാതെ
താരതമ്യേന സങ്കീർണതകൾ കുറഞ്ഞവ മുതൽ മാസങ്ങളോ വർഷങ്ങളോ രോഗം കൊണ്ടു നടന്നിട്ടും ഒരിക്കൽപോലും എന്തെങ്കിലും രോഗലക്ഷണങ്ങൾ പ്രകടമാകാത്ത തരം കാൻസറുകൾ വരെ ഉണ്ട്. കാൻസർ ബാധിക്കുന്നതിനു പ്രായ വ്യത്യാസമോ ലിംഗ വ്യത്യാസമോ വർഗ വർണ വ്യത്യാസങ്ങളോ ഇല്ല . ശരീരത്തിന്റെ ഏതുഭാഗത്തെയും കാൻസർ ബാധിക്കാം. ലളിതമായ പരിശോധനകൾ കൊണ്ട് പല കാൻസറുകളും കണ്ടുപിടിക്കാൻ കഴിയും.
സ്ക്രീനിംഗ് ടെസ്റ്റുകൾ
ലളിതമായ സ്ക്രീനിംഗ് ടെസ്റ്റുകളിലൂടെ എളുപ്പത്തിൽ കണ്ടു പിടിക്കാവുന്ന അനേകം തരം കാൻസറുകൾ ഉണ്ട്. സ്തനാർബുദം, ഗർഭാശയ ഗള കാൻസർ, പ്രോസ്റ്റേറ്റ് ഗ്രന്ഥി, ആഗ്നേയ ഗ്രന്ഥി, അണ്ഡാശയങ്ങൾ, വൻകുടൽ തുടങ്ങിയ ഭാഗങ്ങളിൽ വരുന്ന അർബുദം ലളിതമായ പരിശോധനകൾ വഴി നേരത്തെ കണ്ടെത്താൻ കഴിയും. എന്നു മാത്രമല്ല , ഇങ്ങനെ നേരത്തെ കണ്ടെത്താൻ കഴിഞ്ഞാൽ ഇവയിൽ പലതും പൂർണമായി തന്നെ ചികിൽസിച്ചു ഭേദമാക്കാനും കഴിഞ്ഞേക്കും.
കാര്യങ്ങൾ ഇങ്ങനെയൊക്കെ ആണെങ്കിലും വിദ്യാസന്പന്നർ പോലും ഇത്തരം സ്ക്രീനിംഗ് പരിശോധനകൾ കൃത്യമായ ഇടവേളകളിൽ ചെയ്യുന്നതിൽ വിമുഖരാണ്. കാലേക്കൂട്ടി രോഗനിർണയം നടത്തുന്നതിനുള്ള മനസികാവസ്ഥയിലേക്കു നമ്മുടെ സമൂഹത്തെ കൊണ്ടുവരുന്നതാണ് ആദ്യ കടന്പ. വിവിധ കാരണങ്ങളാൽ രോഗനിർണയം വൈകിപ്പിച്ചു സങ്കീർണതകൾ വന്നുഭവിച്ച ശേഷമാണ് പലരും ചികിത്സ തേടുന്നത് എന്നതാണ് ഇന്നത്തെ ദുരവസ്ഥ.
ബോധവത്കരണം പ്രധാനം
ഈ ഗതി മാറണമെങ്കിൽ ശക്തമായ ബോധവത്കരണത്തിലൂടെ രോഗത്തെക്കുറിച്ചുള്ള അവബോധം സാധാരണജനങ്ങളിൽ ഉണ്ടാക്കേണ്ടിയിരിക്കുന്നു. രോഗങ്ങൾ ഒന്നുമില്ലെന്ന് കരുതിയിരിക്കുന്ന ജനങ്ങളെ പരിശോധിച്ചു രോഗം ഉണ്ടെങ്കിൽ കണ്ടെത്തുക, രോഗം കണ്ടെത്തിയവരെ കൃത്യവും ശാസ്ത്രീയവുമായ ചികിത്സയ്ക്ക് വിധേയമാക്കുക, ഓപ്പറേഷൻ, റേഡിയേഷൻ, മരുന്ന് ചികിത്സ എന്നിവയൊക്കെ തരാതരം ഏർപ്പാടാക്കുകയും അവയൊക്കെ സ്വീകരിക്കാൻ രോഗിയെ സന്നദ്ധമാക്കുകയും ചെയ്യുക, സങ്കീർണതകൾ വന്നുപോയവർക്ക് അവയ്ക്കുള്ള ചികിത്സ ലഭ്യമാക്കുക, സാന്ത്വനചികിത്സ മാത്രം നല്കാൻ കഴിയുന്ന രോഗികൾക്കു മാനസികവും ശാരീരികവുമായ സാന്ത്വനം നൽകുക, പുനരധിവാസപ്രവർത്തനങ്ങൾ ആവശ്യമായവർക്കു അവ പ്രാപ്തമാക്കുക എന്നിങ്ങനെ കാൻസറിനെ നേരിടാനുള്ള പരിപാടികൾ വിവിധ ഘട്ടങ്ങളിലായി നടപ്പിലാക്കേണ്ടിയിരിക്കുന്നു.
ഇന്നുണ്ടാകുന്ന കാൻസറുകളിൽ മൂന്നിൽ ഒന്ന് തടയാവുന്നവയാണ്. ഉചിതമായ ഇടപെടലുകളിലൂടെയും വിഭവവിനിയോഗം കുറഞ്ഞ പരിപാടികളിലൂടെയൂം പ്രതിവർഷം 37 ലക്ഷത്തോളം പേരിൽ രോഗം തടയാൻ സാധ്യമാണെന്ന് പഠനങ്ങൾ. (തുടരും)
വിവരങ്ങൾ
ഡോ. വി. മോഹനൻ നായർ, ആരോഗ്യവകുപ്പ് മുൻ ഡെപ്യൂട്ടി ഡയറക്ടർ, ചെയർമാൻ, പബ്ളിക് ഹെൽത്ത് ഇഷ്യൂസ് കമ്മിറ്റി, ഐഎംഎ സംസ്ഥാന ഘടകം.