വീട്ടില്‍ നിന്ന് ഓഫീസിലേക്ക് തന്റെ കാറില്‍ പോകുമ്പോഴായിരുന്നു ബനഡിക്ട് ജബകുമാര്‍ എന്ന ബംഗളൂരു സ്വദേശിയുടെ കാര്‍ പഞ്ചറാകുന്നത്. ഇറങ്ങി നോക്കിയപ്പോഴാണ് കാറിന്റെ പിന്‍ചക്രത്തില്‍ ആണി തറഞ്ഞിരിക്കുന്നത് ശ്രദ്ധയില്‍പെടുന്നത്. അന്ന് തുടങ്ങിയതാണ് ബനഡിക്ടിന് റോഡില്‍ കുന്തമുനകളാകുന്ന ആണികള്‍ ശേഖരിക്കുന്ന ഈ സ്വഭാവം.
സിസ്റ്റം എന്‍ജിനിയര്‍ ആയി ജോലി ചെയ്യുന്ന ബനഡിക്ട് അതിരാവിലെയും ജോലി കഴിഞ്ഞ്് തിരികെയെത്തിയ ശേഷവുമായാണ് ആണി തിരയാനിറങ്ങുന്നത്. ബംഗളൂരുവിലെ റിംഗ് റോഡിനടുത്തുള്ള പ്രദേശങ്ങളിലൂടെയാകും 44 കാരനായ ബനഡിക്ട് തിരച്ചില്‍ നടത്തുക. നിരവധി ടയര്‍ വര്‍ക്‌സ് കടകള്‍ പ്രവര്‍ത്തിക്കുന്ന ഈ മേഖലയിലെ റോഡുകളില്‍ ആണികള്‍ ഇട്ട് വണ്ടികള്‍ പഞ്ചറാക്കുന്നത് ടയര്‍ കടക്കാരുടെ കലാപരിപാടിയാണെന്നാണ് ബനഡിക്ട് പറയുന്നത്.
2012 മുതല്‍ ബനഡിക്ട് ശേഖരിച്ച ആണികളെല്ലാം ചേര്‍ത്ത് തൂക്കി നോക്കിയപ്പോള്‍ 50 കിലോഗ്രാമില്‍ കൂടുതലുണ്ടായിരുന്നു. കാന്തം ഘടിപ്പിച്ച ചെറിയൊരു ഉപകരണവുമായാണ് ബനഡിക്ട് ആണികള്‍ റോഡില്‍ നിന്ന് കണ്ടെത്തുന്നത്. ആണികള്‍ വഴിയില്‍ നിന്ന് ഒഴിവാക്കാന്‍ സ്ഥിരമായി കിലോമീറ്ററുകളോളം നടക്കാറുള്ളതിനാല്‍ തനിക്ക് മറ്റു വ്യായാമങ്ങളുടെ ആവശ്യമില്ലെന്ന് ഇയാള്‍ പറയുന്നു. ആരുടെയും കണ്ണില്‍പ്പെടാതെ കിടക്കുന്ന ആണിമുനകളെ വഴികളില്‍ നിന്ന് ഇനിയും പിഴുതെറിയാന്‍ തന്നെയാണ് ബനഡിക്ടിന്റെ ഉദ്ദേശ്യം.