കൊച്ചി: സംസ്ഥാനത്ത് പത്താം ക്ലാസ്, പ്ലസ്ടു പരീക്ഷകള്‍ മാര്‍ച്ച് മൂന്നിന് ആരംഭിക്കാനിരിക്കെ നൂറു ശതമാനം വിജയം നേടാനായി പഠനത്തില്‍ പിന്നോക്കം നില്ക്കുന്ന വിദ്യാര്‍ഥികള്‍ക്ക് സ്കൂളുകള്‍ ‘പരീക്ഷാസഹായി'(സ്ക്രൈബ്) യെ നിയമിക്കുന്നതായി ആക്ഷേപം.
ആദിവാസി മേഖലകളില്‍ പഠനത്തില്‍ സമര്‍ഥരല്ലാത്ത വിദ്യാര്‍ഥികള്‍ക്കായിട്ടാണ് സ്കൂളുകള്‍ പരീക്ഷാസഹായികളെ വച്ചിരിക്കുന്നതായി ആക്ഷേപം ഉയരുന്നത്. സാധാരണഗതിയില്‍ ഭിന്നശേഷിക്കാരായ വിദ്യാര്‍ഥികള്‍ക്ക് പത്താം ക്ലാസ്, പ്ലസ്ടു പരീക്ഷകള്‍ എഴുതാനായിട്ടാണ് പരീക്ഷാസഹായികളെ വയ്ക്കാന്‍ വിദ്യാഭ്യാസ വകുപ്പിന്റെ അനുമതിയുള്ളത്.
പട്ടികവര്‍ഗ വികസന വകുപ്പിന്റെ സഹായത്തോടെ സ്കൂളുകളില്‍ നടത്തുന്ന റെസിഡന്‍ഷ്യല്‍ കോച്ചിംഗ് ക്യാമ്പുകളില്‍ പങ്കെടുക്കുന്ന വിദ്യാര്‍ഥികള്‍ക്ക് പരീക്ഷാസഹായിയെ വയ്ക്കരുതെന്ന് പട്ടികവര്‍ഗ വികസനവകുപ്പിന്റെ നിര്‍ദേശം ഉണ്ട്. എന്നാല്‍ ആ നിര്‍ദേശത്തിന് വില കല്‍പ്പിക്കാതെയാണ് സ്കൂളുകളുടെ ഇത്തരത്തിലുള്ള നീക്കം.
പരീക്ഷാസഹായിയെ വച്ച് പൊതു പരീക്ഷകളെഴുതി പാസാകുന്ന വിദ്യാര്‍ഥികള്‍ തുടര്‍ പഠനത്തില്‍ പലപ്പോഴും പിന്നോക്കം പോകുന്ന അവസ്ഥയാണുള്ളതെന്ന് അധ്യാപകര്‍ പറയുന്നു. അടിസ്ഥാന പാഠഭാഗങ്ങള്‍ പോലും അറിയാതെ ഉന്നത പഠനത്തിനായി ചേരുന്ന വിദ്യാര്‍ഥികളില്‍ പലരും ഇടയ്ക്കുവച്ച് പഠനം ഉപേക്ഷിക്കേണ്ട അവസ്ഥയും നിലവിലുണ്ട്. ഞങ്ങള്‍ പഠിച്ചില്ലെങ്കിലും ജയിക്കുമെന്ന വീരവാദം നടത്തുന്ന വിദ്യാര്‍ഥികളും കുറവല്ല. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി ഒരു വിഭാഗം അധ്യാപകര്‍ വിദ്യാഭ്യാസമന്ത്രിക്ക് കത്ത് അയച്ച് കാത്തിരിക്കുകയാണ്.
റെസിഡന്‍ഷ്യല്‍ ക്യാമ്പില്‍ പങ്കെടുക്കുന്നവര്‍ക്ക് പരീക്ഷാസഹായിയെ വെക്കരുതെന്ന നിര്‍ദേശം ഐടിഡിപി പ്രോജക്ട് ഓഫീസര്‍മാര്‍ ഈ മേഖലയിലെ സ്കൂളുകള്‍ക്ക് നല്‍കിയിരുന്നു. ക്യാമ്പില്‍ താമസിച്ചു പഠിക്കുന്ന ഒരു കുട്ടിക്ക് പ്രതിമാസം 3,500 രൂപയാണ് വകുപ്പ് നല്‍കുന്നത്. ഇത്രയും പണം മുടക്കി പഠിപ്പിച്ചിട്ട് പരീക്ഷയെഴുതാന്‍ സഹായിയെ വയ്ക്കുന്നതിന് യോജിക്കാന്‍ കഴിയില്ലെന്നാണ് പ്രോജക്ട് ഓഫീസര്‍മാരുടെ നിലപാട്.
സീമ മോഹന്‍ലാല്‍