കണ്ണൂർ: സിനിമാ തിരക്കഥാകൃത്തും ഗ്രന്ഥകാരനുമായ ബെല്‍റാം മട്ടന്നൂർ (62) അന്തരിച്ചു. പരേതരായ സി.എച്ച്. പദ്മനാഭൻ നമ്പ്യാരുടെയും സി.എം. ജാനകിയമ്മയുടെയും മകനാണ്.
തിരക്കഥാകൃത്ത്, രചയിതാവ്, നിർമാതാവ്, ഗാനരചയിതാവ് എന്നീ നിലകളിൽ മലയാള സിനിമയിൽ പ്രവർത്തിച്ചുവരികയായിരുന്നു. 1997 ൽ പുറത്തിറങ്ങിയ കളിയാട്ടം എന്ന ചിത്രത്തിലൂടെയാണു ബെൽറാം തിരക്കഥയിൽ അരങ്ങേറ്റം കുറിച്ചത്.
കളിയാട്ടത്തിലെ അഭിനയത്തിൽ മികച്ച നടനുള്ള ദേശീയ പുരസ്കാരം സുരേഷ് ഗോപിക്കു ലഭിച്ചിരുന്നു. പിന്നീട് ബെൽറാം തിരക്കഥയും സംഭാഷണവും നിർവഹിച്ചത് വി.കെ. പ്രകാശ് സംവിധാനം ചെയ്ത കർമയോഗി എന്ന സിനിമയ്ക്കാണ്. ഹാംലറ്റ് എന്ന ഷേക്സ്പിയർ നാടകത്തെ കേരളീയ പശ്ചാത്തലത്തിൽ പുനരവതരിപ്പിച്ച സിനിമയായിരുന്നു കർമയോഗി.
സമവാക്യം, അന്യലോകം തുടങ്ങിയ സിനിമകളുടെയും തിരക്കഥാകൃത്താണ്. 1983ൽ മുയൽഗ്രാമം എന്ന കൃതിക്ക് ബാലസാഹിത്യത്തിനുള്ള യുവസാഹിതി അവാർഡും ദർശനം അവാർഡും നേടി.
രവി ഭഗവാൻ, കാട്ടിലൂടെ നാട്ടിലൂടെ (ബാലസാഹിത്യകൃതികൾ), ബാലൻ (സ്മരണകൾ), പാവപ്പെട്ട കഥ, ജീവിതം പൂങ്കാവനം (പലവക), അനന്തം (പരീക്ഷണ കൃതി), കാശി (നോവൽ) തുടങ്ങി നിരവധി ഗ്രന്ഥങ്ങൾ എഴുതിയിട്ടുണ്ട്. കെ.എൻ. സൗമ്യയാണ് ഭാര്യ. മകൾ: ഗായത്രി ബെൽറാം. സഹോദരങ്ങൾ: ജയറാം, ശൈലജ , ഭാർഗവറാം, ലതീഷ്.