ചെള്ളുപനി കേരളത്തിൽ രണ്ടു പേരുടെ ജീവൻ കവർന്ന വാർത്ത പലരും വായിച്ചു കാണും. സ്ക്രബ് ടൈഫസ് എന്ന ഈ അസുഖത്തിന് കാരണം Orientia tsutsugamushi എന്ന ബാക്ടീരിയം ആണ്.
വളരെ യാദൃച്ഛികമായിട്ടാണ് ഈ അസുഖം മനുഷ്യനിൽ കടന്നുവരിക. ഇത് ഒരു ജന്തുജന്യ രോഗമാണ്. കടൽത്തീരത്തുള്ള ചെറിയ സസ്യങ്ങളിൽ നിന്നാണ് മനുഷ്യനിലേയ്ക്ക് കടന്നു വരിക.
ഏഷ്യ, കൊറിയ, ജപ്പാൻ, ആസ്ട്രേലിയ എന്നിങ്ങനെ വിവിധ രാജ്യങ്ങളിൽ കാണപ്പെടുന്ന ഈ രോഗം അപൂർവമായി നമ്മുടെ നാട്ടിൽ കാണാറുണ്ട്.
പലപ്പോഴും സാധാരണ പനി എന്ന് തെറ്റിദ്ധരിച്ച് രോഗി അപകടത്തിലേക്ക് പോകാനിടയുണ്ട്. മാലദ്വീപ് തുടങ്ങിയ സ്ഥലങ്ങളിൽ ഈ രോഗം അനേകം പേരെ അപകടത്തിലാക്കിയിട്ടുണ്ട്.
ലക്ഷണങ്ങൾ
ഉയർന്ന താപനില, കടുത്ത തലവേദന, അസഹനീയ ദേഹവേദന.ചെള്ള് കടിച്ചാൽ ഏകദേശം 2 ആഴ്ചയ്ക്കുള്ളിൽ ലക്ഷണം പ്രത്യക്ഷപ്പെടുന്നു. പലപ്പോഴും രോഗലക്ഷണങ്ങൾ ടൈഫോയിഡ് പനി, എലിപ്പനി, ഡെങ്കിപ്പനി എന്നിങ്ങനെ സംശയിക്കാം.
പനി പലപ്പോഴും 104 ഡിഗ്രി ഫാരൻഹീറ്റ് വരെ എത്താം, ശരീരത്തിൽ രോമാവൃതമായ കക്ഷം (axilla), ഗുഹ്യഭാഗങ്ങൾ, തുട എന്നിങ്ങനെ വിവിധ സ്ഥലങ്ങളിൽ ചെറിയ കുരു പ്രത്യക്ഷപ്പെടുകയും തുടർന്ന് ലിംഫ് ഗ്രന്ഥികൾ വീങ്ങുകയും കുരു ഒരു പൊറ്റയായി മാറുകയും ചെയ്യും.
ഈ സ്ഥലങ്ങളിലെ ഗ്രന്ഥി വീക്കവും പൊറ്റയോടു കൂടിയ വ്രണവും ശ്രദ്ധിക്കപ്പെട്ടാൽ രോഗനിർണയം എളുപ്പമായി.ആരംഭഘട്ടത്തിൽ ചികിത്സ തുടങ്ങിയില്ലെങ്കിൽ ഗുരുതരമായ ശ്വാസകോശ നീർക്കെട്ട് വരാവുന്നതാണ്. രോഗിക്ക് വെന്റിലേറ്റർ സഹായം വേണ്ടിവരാം.
രോഗത്തിന്റെ ആദ്യ ആഴ്ചയിൽ കണ്ണുകളിൽ ചുവപ്പ് കാണപ്പെടുന്നു. കരൾ, പ്ലീഹ വീക്കം ഉണ്ടാകാം. ലിംഫ് ഗ്രന്ഥികളിൽ വീക്കം കാണപ്പെടുന്നു.
രണ്ടാമത്തെ ആഴ്ച മുതൽ സംസാരത്തിൽ കുഴച്ചിൽ, കഴുത്തിലെ വേദന, പരിഭ്രാന്തി, തലകറക്കം എന്നിങ്ങനെ വിവിധ ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടാം.
രോഗനിർണയം
PCR, ELISA, PanBioDo-s-ticks, IFA എന്നിങ്ങനെ വിവിധ പരിശോധനകൾ ഇന്ന് ലഭ്യമാണ്.
ലാബ് പരിശോധനകൾ
ആദ്യഘട്ടത്തിൽ ലിംഫോസൈറ്റുകൾ കുറയുകയും പിന്നീട് കൂടുകയും ചെയ്യും. മൂത്രത്തിൽ ആൽബമിൻ കാണപ്പെടും. ത്വക്കിന്റെ ഭാഗം ബയോപ്സി നടത്തിയും രോഗനിർണയം സാധ്യമാണ്.
ചികിത്സ
ടെട്രാസൈക്ലിൻ (Tetra Cycline), ഡോക്സിസൈക്ലിൻ (Doxy Cycline), ക്ലോറാംഫിനികോൾ (Chloramphenicol), സിപ്രോഫ്ളോക്സാസിൻ (Ciprofloxacin), അസിത്രോമൈസിൻ എന്നിവയൊക്കെ ചികിത്സയ്ക്ക് ഉപയോഗിക്കാം.
ചെള്ളുപനിയുടെ അനന്തരഫലങ്ങൾ
സമയത്ത് ചികിത്സ നൽകിയില്ലെങ്കിൽ നിർജലീകരണം, ഇലക്ട്രോലൈറ്റിന്റെ അസന്തുലിതാവസ്ഥ എന്നിവ വന്നേക്കാം. ഗുരുതരമായ രക്തവാർച്ച (DIC) ഉണ്ടാകാവുന്നതാണ്.
ന്യുമോണിയ മരണത്തിന് കാരണമാവാം. അപൂർവ്വമായിഹൃദയ ഭിത്തികളിൽ നീർക്കെട്ട് കാണപ്പെടാറുണ്ട്. വിവിധ തരം പനികൾ ഉള്ള ഈ സമയത്ത് ചെള്ളുപനിയും ശ്രദ്ധിക്കപ്പെടേണ്ട ഒരു രോഗമാണ്. കടലോരങ്ങളിൽ താമസിക്കുന്നവർ പ്രത്യേകം ശ്രദ്ധിക്കണം.
വിവരങ്ങൾ: ഡോ. ഡൊമിനിക് പാലേട്ട്
മേഴ്സി ഹോസ്പിറ്റൽ, പൊതി.
& ചെയർമാൻ, ഐഎംഎ സംസ്ഥാന ആക്്ഷൻ കമ്മിറ്റി . ഫോൺ – 9847832478