വൈക്കം: മുങ്ങിമരണങ്ങൾ പതിവായ വൈക്കത്ത് ഫയർഫോഴ്സിനു സ്കൂബ സെറ്റ് ഉപയോഗിക്കുന്നതിനു പരിശീലനം നൽകി. സി.കെ. ആശ എം എൽഎയുടെ ശ്രമഫലമായി വൈക്കം ഫയർസ്റ്റേഷന് പുതുതായി ലഭിച്ച സ്കൂബാ സെറ്റ് ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട മുവാറ്റുപുഴയാറിലടക്കമുള്ള വൈക്കത്തെ ജലാശയങ്ങളിലാണു സേനാംഗങ്ങൾക്ക് പരിശീലനം നൽകിയത്.
ഇന്നലെ ഇത്തിപ്പുഴയാറിൽ മുങ്ങി തെരച്ചിൽ നടത്തുന്നതിനു പരിശീലനം നടത്തി. തീരദേശ മേഖലയായ വൈക്കത്തിന്റെ വിവിധ സ്ഥലങ്ങളിൽ മുങ്ങി മരണങ്ങൾ ഉണ്ടായികൊണ്ടിരിക്കുന്ന സാഹചര്യത്തിൽ സ്ക്യൂബയുടെ വരവ് വൈക്കം ഫയർഫോഴ്സിനും ജനങ്ങൾക്കും ഏറെ സഹായകരമാകും.
പരിശീലനത്തിന് ചങ്ങനാശേരി ഫയർ സ്റ്റേഷനിലെ സ്ക്യൂബാ ട്രെയിനർ കെ.എൻ. സുരേഷ്, കോട്ടയം ഫയർസ്റ്റേഷനിലെ എച്ച്. ഹരീഷ്, എം.മിഥുൻ, ബി.കണ്ണൻ എന്നിവർ നേതൃത്വം നൽകി.
വൈക്കം കടുത്തുരുത്തി ഫയർ സ്റ്റേഷനുകളിലെ ആറുജീവനക്കാർ പരിശീലനത്തിൽ പങ്കെടുത്തു. വൈക്കം ഫയർസ്റ്റേഷൻ അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ടി. ഷാജി കുമാർ പരിശീലനത്തിനു മേൽനോട്ടം വഹിച്ചു.