പേരൂര്‍ക്കട: ആലപ്പുഴ എസ്ഡി കോളജിലെ വിദ്യാര്‍ഥികള്‍ ഇന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ സന്ദര്‍ശിച്ചു. കോളജിലെ ജലവിഭവ ഗവേഷണകേന്ദ്രം മുഖ്യഗവേഷകന്‍ ഡോ. ജി നാഗേന്ദ്ര പ്രഭുവിന്റെ നേതൃത്വത്തില്‍ അഞ്ചു വിദ്യാര്‍ത്ഥികളും രണ്ട് അദ്ധ്യാപകരുമാണ് രാജ്ഭവനിലെത്തി രാവിലെ 11ന് ഗവര്‍ണറെ കണ്ടത്.
25 വര്‍ഷങ്ങള്‍ നീണ്ട ഗവേഷണത്തിലൂടെ വികസിപ്പിച്ച സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് ജലജന്യ കളവര്ഗമായ കുളവാഴയെ സംസ്കരിച്ച് നിര്‍മിച്ച ഉല്‍പ്പന്നങ്ങളുമായാണ് ഇവര്‍ എത്തിയത്. ഗവര്‍ണറുടെ പിന്തുണ തേടുകയാണ് ലക്ഷ്യം. ഉണങ്ങിയ കുളവാഴ തണ്ടുകള്‍ പ്രത്യേക രീതിയില്‍ തയ്യാറാക്കി നിര്‍മ്മിച്ച പുതിയ ഉല്‍പ്പന്ന ശ്രേണിയുടെ അനാഛാദനം ഗവര്‍ണര്‍ നിര്‍വഹിച്ചു.
ജലാശയങ്ങളിലെ പ്രശ്നകാരിയായ കുളവാഴ ഉപയോഗിച്ച് കഴിഞ്ഞ വര്‍ഷത്തെ നെഹ്റു ട്രോഫി ജലോത്സവത്തിന്റെ ക്ഷണക്കത്ത്, വിശിഷ്ടാതിഥികള്‍ക്കുള്ള ഉപഹാരങ്ങൾ, നോട്ട് പാഡ്, വിത്ത് പേനകള്‍ എന്നിവ എസ്ഡി കോളജിലെ ആദ്യ വിദ്യാര്‍ത്ഥി സ്റ്റാര്‍ട്ട്അപ്പായ ഐക്കോടെക് തയ്യാറാക്കി ശ്രദ്ധ നേടിയിരുന്നു. ഇവര്‍ കുളവാഴ പേപ്പറില്‍ തയ്യാറാക്കിയ കല്യാണക്കുറി സമൂഹമാധ്യമങ്ങളില്‍ വൈറലാകുകയും ചെയ്തു.