കോൽക്കത്ത: സമൂഹമാധ്യമത്തിൽ ഏറ്റുമുട്ടിയ യുവാവിനു നേരെ ഭീഷണിയുമായി ബിജെപി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ ബാബുൽ സുപ്രിയോ. ബിജെപി നേതാവിന്റെ വിദ്യാഭ്യാസം സംബന്ധിച്ചു സംശയമുന്നയിച്ച മുസ്ലിം വിദ്യാർഥിയോട്, തൂക്കിയെടുത്തു രാജ്യത്തിനു വെളിയിൽ കളയുമെന്നായിരുന്നു സുപ്രിയോയുടെ ഭീഷണി.
ഡിസംബർ 26-നാണു സംഭവങ്ങൾ ആരംഭിക്കുന്നത്. ജാദവ്പുർ സർവകലാശാലയിൽ ബിരുദദാന ചടങ്ങിനിടെ പൗരത്വ നിയമം കീറിയെറിഞ്ഞ വിദ്യാർഥിനിയെ കുറ്റപ്പെടുത്തി ബാബുൽ സുപ്രിയോ ഫേസ്ബുക്കിൽ കുറിപ്പെഴുതിയിരുന്നു. തൊട്ടടുത്ത ദിവസം മുസ്താഫിസുർ റഹ്മാൻ എന്ന വിദ്യാർഥി സുപ്രിയോയുടെ കുറിപ്പിനു താഴെ കമന്റ് ചെയ്തു. സുപ്രിയോയുടെയും ബിജെപി സംസ്ഥാന അധ്യക്ഷൻ ദിലീപ് ഘോഷിന്റെയും വിദ്യാഭ്യാസ യോഗ്യതയെ ചോദ്യം ചെയ്തായിരുന്നു മുസ്താഫിസുറിന്റെ കമന്റ്.
ഇതിനോടു പ്രതികരിക്കവെയാണ് സുപ്രിയോ മുസ്താഫിസുറിനെ രാജ്യത്തുനിന്നു പുറത്താക്കുമെന്ന തരത്തിൽ പ്രതികരിച്ചത്. ആദ്യം രാജ്യത്തുനിന്നു പുറത്താക്കും, പിന്നീട് മറുപടി പോസ്റ്റ്കാർഡിൽ അയച്ചു നൽകാം എന്നായിരുന്നു സുപ്രിയോയുടെ മറുപടി. ഇതു വൻ വിവാദമായി.
സുപ്രിയോ മാപ്പു പറയണമെന്നു മുസ്താഫിസുർ ആവശ്യപ്പെട്ടെങ്കിലും ഇതിനു തയാറല്ലെന്നാണു ബിജെപി നേതാവിന്റെ വാദം. വിദ്യാർഥിയുടെ മതവുമായി തന്റെ പരാമർശത്തിനു ബന്ധമില്ലെന്നും സുപ്രിയോ വിശദീകരിച്ചു. ബിർഭുമിലെ ഇലാംബസാർ കോളജിൽ കെമിസ്ട്രി വിദ്യാർഥിയാണ് മുസ്താഫിസുർ.