കളമശേരി: മയക്കുമരുന്ന് ഉപയോഗം വീട്ടുകാരെ അറിയിച്ചതിന് പതിനേഴുകാരനെ ക്രൂരമായി മർദിച്ച ഏഴംഗ സംഘത്തിലെ ഒരാൾ ജീവനൊടുക്കിയ നിലയിൽ. കളമശേരി ഗ്ലാസ് കോളനി കാട്ടുപറമ്പിൽ നിഖിൽ പോൾ (17) ആണ് തൂങ്ങി മരിച്ചത്. ജീവനൊടുക്കാനുള്ള ശ്രമം ശ്രദ്ധയിൽപെട്ട് സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.
തിങ്കളാഴ്ച ശിശുക്ഷേമ സമിതി മൊഴിയെടുക്കാനിരിക്കെയാണ് ഇത്. പ്രതികളിൽ ആറുപേരും പ്രായപൂർത്തിയാകാത്തവരാണ്. ഇവരെ പോലീസ് കസ്റ്റഡിയിലെടുത്തെങ്കിലും മാതാപിതാക്കളെ വിളിച്ചു വരുത്തി കൈമാറുകയായിരുന്നു.അഖിൽ വർഗീസ് എന്ന 19 കാരനെ കേസെടുത്തശേഷം ജാമ്യത്തിൽ വിട്ടിരുന്നു.
കളമശേരി ഗ്ലാസ് കോളനിയിലാണ് 17 വയസുകാരനു മർദനമേറ്റത്. മര്‍ദിക്കുന്നതിന്റെ ഒരു മണിക്കൂറോളം നീളുന്ന വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണു സംഭവം പുറത്തറിഞ്ഞത്. കെട്ടിടത്തിന്റെ ടെറസിൽ കൊണ്ടുപോയി അർധനഗ്നനാക്കി ബാലനെ മർദിക്കുകയായിരുന്നു.
മെറ്റലിൽ മുട്ടുകുത്തി നിർത്തിയശേഷം സുഹൃത്തുക്കൾ മാറിമാറി മുഖത്തടിക്കുന്നതും പുറത്തിടിക്കുന്നതും അടിവയറ്റിൽ ആഞ്ഞുചവിട്ടുന്നതും വീഡിയോയിൽ കാണാം. ജനനേന്ദ്രിയത്തിലും കാലുകൊണ്ടു തൊഴിച്ചു.
ഗുരുതരമായി പരിക്കേറ്റ ബാലനെ എറണാകുളം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. പിന്നീട് ആശുപത്രി വിട്ടെങ്കിലും എഴുന്നേറ്റു നടക്കാൻ പോലും സാധിക്കാത്ത സ്ഥിതിയിലാണ്. സംഭവത്തിൽ ജുവനൈൽ ജസ്റ്റീസ് ആക്ട് പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തത്.