ന്യൂഡൽഹി: ഒരു മാസംകൊണ്ട് 11 രാജ്യങ്ങളിലൂടെ യാത്ര ചെയ്ത് അമേരിക്കയിലെത്തിയ ഇന്ത്യക്കാരനെ അമേരിക്ക പിടികൂടി തിരിച്ചയച്ചു. പഞ്ചാബിലെ കപുർത്തല സ്വദേശിയായ ഹർപ്രീത് സിംഗാണ് ഈ സാഹസികയാത്ര ചെയ്തത്. ബ്രസീലിൽനിന്നു യാത്ര ചെയ്ത ഹർപ്രീത് 10000 കിലോമീറ്റർ സഞ്ചരിച്ചാണ് മെക്സിക്കോയിലെത്തിയത്.
2016ൽ യുഎസിൽ പിടിയിലായ ഹർപ്രീതിനെ ഇന്ത്യയിലേക്കു തിരിച്ചയച്ചു. ഇമിഗ്രേഷൻ അധികൃതർ ഹർപ്രീതിനെ ശനിയാഴ്ച ഡൽഹി ഇന്ദിരാഗാന്ധി വിമാനത്താവളത്തിലെത്തിച്ച് പോലീസിനു കൈമാറി.
2016 ഓഗസ്റ്റ് 20-നാണ് ഹർപ്രീത് സ്വന്തം പാസ്പോർട്ട് ഉപയോഗിച്ച് ബ്രസീലിലേക്കു യാത്ര ചെയ്യുന്നത്. ഇവിടെനിന്നാണ് ഇയാൾ യുഎസിലേക്ക് അനധികൃത യാത്ര ആരംഭിച്ചത്. ബ്രസീലിൽനിന്നു ബൊളീവിയയിലേക്കു പോയ ഹർപ്രീത്, ഇവിടെനിന്നു റോഡുമാർഗം പെറുവിലെത്തി.
ജലന്ദർ സ്വദേശിയായ ഒരു ട്രാവൽ ഏജന്റും ഇയാൾക്കൊപ്പമുണ്ടായിരുന്നു. പെറുവിൽനിന്ന് ഇക്വഡോർ, കൊളംബിയ, പാനമ വഴി കോസ്റ്ററിക്കയിലെത്തി. ഇവിടെനിന്ന് ഹോണ്ടുറാസിലൂടെ കടന്ന് ഗ്വാട്ടിമാല വഴി മെക്സിക്കോയിൽ എത്തുകയായിരുന്നു.
മെക്സിക്കോയിൽനിന്നു ബോട്ടിൽ അനധികൃതമായി യുഎസിലേക്കു കടന്നു. ബോട്ട് യാത്രയ്ക്കിടെ ഇയാളുടെ പാസ്പോർട്ടും മറ്റു സാധനസാമഗ്രികളും മോഷ്ടിക്കപ്പെട്ടു. പിന്നീട് ട്രാവൽ ഏജന്റിന്റെ സഹായത്തോടെ ഹർപ്രീത് ഒരു വ്യാജപാസ്പോർട്ട് സംഘടിപ്പിച്ചു.
അമേരിക്കയിൽ എത്തി ഹർപ്രീത് 15 മാസം ഒരു ഡിപ്പാർട്ട്മെന്റ് സ്റ്റോറിൽ ജോലി ചെയ്തു. ഇതിനുശേഷം ഇയാൾ അനധികൃത താമസത്തിനു പിടിയിലാകുകയായിരുന്നു. യുഎസ് പൗരത്വത്തിനുവേണ്ടിയാണ് ഹർപ്രീത് ഈ സാഹസത്തിനു മുതിർന്നതെന്ന് കുടിയേറ്റ വകുപ്പ് അറിയിച്ചു.
അടുത്തിടെ ഇതിനു സമാനമായ യാത്രയുടെ പശ്ചാത്തലത്തിൽ സിഐഎ-കൊമ്രേഡ് ഇൻ അമേരിക്ക എന്ന പേരിൽ അമൽ നീരദിന്റെ സംവിധാനത്തിൽ മലയാള ചിത്രം പുറത്തിറങ്ങിയിരുന്നു. ചിത്രത്തിൽ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച ദുൽഖർ സൽമാൻ തന്റെ പ്രണയിനിയെ തേടി അമേരിക്കയിലേക്കു പോകുന്നതാണു ചിത്രത്തിന്റെ ഇതിവൃത്തം.
യുഎസ് വീസ ലഭിക്കാത്തതിനെ തുടർന്ന്, വീസ ആവശ്യമില്ലാത്ത നിക്കരാഗ്വയിലേക്കും അവിടെനിന്നു മെക്സിക്കോയിലെ റെയ്നോസയിലേക്കും പിന്നീട് യുഎസിലേക്കുമുള്ള നായകന്റെ യാത്ര ചിത്രീകരിച്ച സിനിമ മികച്ച വിജയം നേടി.