കോഴിക്കോട്: കോടികള്‍ വിലമതിക്കുന്ന കഞ്ചാവ് പിടികൂടിയതിന് പിന്നാലെ സ്ഥിരം ഉപയോഗിക്കുന്നവരുടെ വിവരങ്ങള്‍ തേടി പോലീസ്.
ഒഡീഷയിലെ റായ്ഘട്ടില്‍ നിന്നും 120 കിലോ കഞ്ചാവ് കൊണ്ടുവരുന്നതിനിടെ പിടിയിലായ തിരൂര്‍ സ്വദേശി പ്രദീപ് കുമാറില്‍ നിന്ന് കഞ്ചാവ് പതിവായി വാങ്ങുന്നവരെയാണ് ഡിസിപി സുജിത്ത്ദാസിന്റെ നേതൃത്വത്തിലുള്ള സംഘം അന്വേഷിക്കുന്നത്.
പ്രദീപ് സ്ഥിരമായി കഞ്ചാവ് വില്പന നടത്തിയിട്ടുണ്ടെന്നാണ് പോലീസിന് ലഭിച്ച വിവരം. മൊത്തമായി കഞ്ചാവ് എത്തിച്ച് വില്പന നടത്തുകയാണ് ഇയാളുടെ രീതി. ഇത്രയും കൂടുതല്‍ അളവില്‍ കഞ്ചാവ് എത്തിച്ചത് സ്ഥിരമായി കഞ്ചാവ് വാങ്ങുന്ന വന്‍സംഘത്തെ ലക്ഷ്യമിട്ടാണ് .
ആന്ധ്രയിലെ ഈസ്റ്റ് ഗോദാവരി ജില്ലയില്‍പെടുന്ന മാവോയിസ്റ്റ് കേന്ദ്രങ്ങളില്‍ കൃഷിചെയ്യുന്ന ശീലാബതി വിഭാഗത്തില്‍ പെടുന്ന കഞ്ചാവാണ് പ്രതിയില്‍ നിന്നും കണ്ടെടുത്തത്.
ഡ്രൈവര്‍ ക്യാബിനില്‍ സൂക്ഷിച്ച നിലയിലാണ് കഞ്ചാവ് കാണപ്പെട്ടതെന്ന് പന്തീരാങ്കാവ് പോലീസ് പറഞ്ഞു. വിപണിയില്‍ കോടികള്‍ വിലമതിക്കുന്ന കഞ്ചാവാണ് പ്രതിയില്‍ നിന്നും പിടിച്ചെടുത്തത്.
കോവിഡിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാന അതിര്‍ത്തികളില്‍ വാഹനപരിശോധന കാര്യക്ഷമമായി നടക്കാത്തത് മയക്കുമരുന്ന് മാഫിയകള്‍ക്ക് അനുകൂലസാഹചര്യമാണ് സൃഷ്ടിച്ചിരിക്കുന്നതെന്ന് പോലീസ് അറിയിച്ചു.
ലോറിയ്ക്ക് പിന്നാലെ പോലീസ്
ഇതരസംസ്ഥാനങ്ങളില്‍ ചരക്ക് നീക്കം നടത്തുന്നലോറികളെ നിരീക്ഷിക്കാന്‍ കോഴിക്കോട് ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ സുജിത്ത്ദാസ് നാര്‍ക്കോട്ടിക് സെല്‍ അസി.കമ്മീഷണര്‍ സുനില്‍കുമാറിന് നിര്‍ദ്ദേശം നല്‍കിയിരുന്നു.
ചരക്കുമായി അതിര്‍ത്തികടക്കുന്ന ലോറികളില്‍ തിരികെ കൊണ്ടുവരുന്നത് എന്താണെന്നും അതില്‍ ലോഡ് കയറ്റുന്നത് എവിടെനിന്നാണെന്നും അറിയുക എന്നത് ശ്രമകരമാണെങ്കിലും ഏറ്റെടുത്ത ദൗത്യം ഡന്‍സാഫ് കൃത്യമായി നടപ്പിലാക്കി. ഇതിനായി മറ്റു സംസ്ഥാനങ്ങളുമായി വിവരശേഖരണം നടത്തുകയും ചെയ്തു.
കുടകില്‍ നിന്നും ചെന്നൈയിലേക്ക് ഇഞ്ചിയുമായിപോയ ലോറി ചരക്കൊന്നുമില്ലാതെ തമിഴ്നാട് അതിര്‍ത്തി കടന്നവിവരം ലഭിച്ചതിനെതുടര്‍ന്ന് പോലീസ് നിരീക്ഷണം ഊര്‍ജ്ജിതമാക്കി.
കുറച്ചുദിവസങ്ങളായി ലോറി ചരക്കെടുക്കാതെ കറങ്ങി നടന്നതാണ് പോലീസിന്റെ സംശയത്തിനിടയായത്. കോഴിക്കോട് സിറ്റി പോലീസ് പരിധിയില്‍ പ്രവേശിക്കുന്ന എല്ലാ ചരക്കുലോറികളും വിശദമായി പരിശോധിക്കാന്‍ ഡിസിപി നിര്‍ദേശിച്ചു.
വാഹനപരിശോധനയില്‍ നിന്നും ഒരു വാഹനവും ഒഴിഞ്ഞുപോകാതിരിക്കാന്‍ സ്റ്റേഷന് ഹൗസ് ഓഫീസര്‍മാര്‍ക്കും പോലീസ് കണ്ട്രോള് റൂമിനും ട്രാഫിക് എന്‍ഫോഴ്സ്മെന്റ് യൂണിറ്റിനും വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്കി.
ഒടുവില്‍ വാഹന പരിശോധനയ്ക്കിടെ പ്രതി പന്തീരാങ്കാവ് പോലീസിന്റെ പിടിയിലായി.