ചൈനീസ് കലണ്ടറിന്റെ ഒന്പതാം ചാന്ദ്രമാസത്തിന്റെ തലേദിവസം മുതൽ ആരംഭിക്കുന്ന വർണാഭമായ ചടങ്ങാണ് ഗോഡ്സ് ഫെസ്റ്റിവൽ അഥവാ വെജിറ്റബിൾ ഫെസ്റ്റ്.
ഒന്പതു ദിവസം നീണ്ടുനിൽക്കുന്ന ഈ ഫെസ്റ്റ് വലിയൊരു ഉത്സവമായി ചൈനക്കാരിൽ ഒരു വിഭാഗം തായ്ലൻഡിലെ ഫുക്കറ്റിൽ കൊണ്ടാടുന്നു.
ചൈനയിൽ നിന്നു മാത്രമല്ല, തെക്കു കിഴക്കൻ ഏഷ്യൻ രാജ്യങ്ങളിലുള്ള ചൈനക്കാരും ഫുക്കറ്റിലേക്ക് ഫെസ്റ്റിൽ പങ്കെടുക്കാൻ ഒഴുകിയെത്തുന്നു.
നിയമം ഇത്തിരി കഠിനം
ഈ ഫെസ്റ്റിൽ പങ്കെടുക്കണമെങ്കിൽ കർശനമായി കുറേ നിയമങ്ങൾ പാലിക്കണം. മദ്യപിക്കരുത്, ലഹരി വസ്തുക്കളൊന്നും ഉപയോഗിക്കരുത്, മൃഗങ്ങളെ കൊല്ലരുത്, മാംസമോ മൃഗ ഉല്പന്നങ്ങളോ കഴിക്കരുത്, മോഷ്ടിക്കരുത്, മറ്റുള്ളവരെ ശാരീരികമോ മാനസികമോ ആയി ഉപദ്രവിക്കരുത്,
നുണ പറയുകയോ സത്യം ചെയ്യുകയോ ചെയ്യരുത്, ലൈംഗിക ബന്ധം അരുത്, ചൂതാട്ടം നടത്തരുത്, ലോഹമോ തുകലോ കൊണ്ട് നിർമിച്ച ആഭരണങ്ങൾ ധരിക്കരുത്, നിയമങ്ങൾ അനുസരിക്കാത്തവരുമായി പാത്രങ്ങളോ ഭക്ഷണമോ ഒന്നും പങ്കിടരുത്,
ഉത്സവകാലത്തേക്കു വെളുത്ത വസ്ത്രം മാത്രം ധരിക്കുക, ആർത്തവമുള്ള സ്ത്രീകളും ഗർഭിണികളും പങ്കെടുക്കരുത് എന്നിവയൊക്കെയാണ് ഈ ചടങ്ങിൽ പങ്കെടുക്കേണ്ട അടിസ്ഥാന യോഗ്യതകൾ.
ഇവയെല്ലാം പാലിച്ച് ഈ ഉത്സവത്തിൽ പങ്കെടുത്താൽ നല്ല ആരോഗ്യവും മനഃസമാധാനവും ലഭിക്കുമെന്നാണ് വിശ്വാസം. ഇതിനുവേണ്ടിയാണ് ആളുകൾ ഈ മത്സരത്തിൽ പങ്കെടുക്കുന്നത്.
മലേറിയയെ പേടിച്ച്
പത്തൊൻപതാം നൂറ്റാണ്ടിൽ അലഞ്ഞുതിരിയുന്ന ചൈനീസ് ഓപ്പറ ഗ്രൂപ്പ് ഫുക്കറ്റിൽ എത്തിയപ്പോൾ മലേറിയ രോഗം ബാധിച്ചുവെന്നും അന്നവർ രോഗം ഭേദമാകാൻ കർശനമായ സസ്യാഹാരത്തിലേക്ക് മാറിയെന്നും ഇതോടൊപ്പം അവരുടെ ആരോഗ്യത്തിനായി ഒമ്പത് ചക്രവർത്തി ദൈവങ്ങളോടു പ്രാർഥിച്ചുവെന്നുമാണ് ഐതിഹ്യം. ഇങ്ങനെയൊക്കെ ചെയ്തപ്പോൾ ഓപ്പറ ഗ്രൂപ്പ് പൂർണമായി സുഖം പ്രാപിച്ചുവത്രേ.
ഇതോടെ പത്തൊൻപതാം നൂറ്റാണ്ടിൽ മാരകമായ ഒരു രോഗത്തെ അതിജീവിച്ചതിൽ ദേവന്മാരെ ബഹുമാനിക്കാനും ജനങ്ങളുടെ സന്തോഷം പ്രകടിപ്പിക്കാനുമാണ് ഉത്സവം തുടർന്നുവരുന്നത്.
പിന്നീട് ഈ ഉത്സവം ഫുക്കറ്റിലെ ഒരു വാർഷിക പരിപാടിയായി വളർന്നു വികസിച്ചു. ഇത് ഓരോ വർഷവും ആയിരക്കണക്കിനു സന്ദർശകരെ ഫുക്കറ്റിലേക്ക് ആകർഷിക്കുന്നു. അവരിൽ പലരും ചൈന, ഏഷ്യൻ രാജ്യങ്ങളിൽനിന്നുള്ളവരാണ്.
മാരകം ഈ ആചാരം
ഫുക്കറ്റിന്റെ ആറ് ചൈനീസ് ക്ഷേത്രങ്ങൾക്കു ചുറ്റുമാണ് ചടങ്ങുകൾ നടക്കുന്നത്. ആഘോഷത്തിന്റെ ഭാഗമായി ഭയമുളവാക്കുന്ന ആചാരങ്ങളും അരങ്ങേറുന്നുണ്ട്.
നമ്മുടെയൊക്കെ നാട്ടിൽ ചില ഉത്സവങ്ങൾക്ക് കവിളിലും മറ്റും ശൂലം തറയ്ക്കുന്നതു പലരും കണ്ടിട്ടുണ്ടാകും. അതൊക്കെ തന്നെ വലിയ സാഹസികതയായിട്ടാണ് പലരും കാണുന്നത്.
എന്നാൽ, പച്ചക്കറി ഉത്സവത്തിലെ ഒരു ആചാരം കണ്ടാൽ ഞെട്ടിത്തരിക്കും. ശൂലമൊന്നും ഇവിടെ ഒന്നുമില്ല. മുഖത്തിന്റെ കവിളും ചുണ്ടുമൊക്കെ തുളച്ചു വാളുകൾ കയറ്റുന്നവരെ ഇവിടെ കാണും.
ഒരുവാൾ അല്ല, ഒരു പറ്റം വാൾ. കൂടാതെ സൈക്കിൾ ബാർ, വലിയ പൈപ്പുകൾ, തോക്ക് തുടങ്ങി മൂർച്ചയുള്ളതും അല്ലാത്തതുമായ വലിയ വസ്തുക്കൾ വരെ ഇവർ കവിളിലൂടെ കടത്തിവിടും. കണ്ടാൽ കവിൾ കീറിപ്പോകില്ലേയെന്നു കാഴ്ചക്കാർ ഭയക്കും.
ചൂടുള്ള കൽക്കരിയിലൂടെ നടക്കുന്നതും ഇവിടെ കാണാം. ഈ അവസ്ഥയിലൊന്നും അവർക്കു വേദന അനുഭവപ്പെടില്ലെന്നും ഒന്പതു ദേവൻമാരുടെ ആത്മാക്കൾ അവരെ സംരക്ഷിക്കപ്പെടുമെന്നുമാണ് അവകാശ വാദം.
ഉത്സവം സമാപിക്കുമ്പോൾ, കർശനമായ 10 നിയമങ്ങൾ പാലിക്കുന്നവർക്ക് ഒരു ക്ഷേത്രത്തിൽ പോയി “ശുദ്ധീകരണ പാലം” കടക്കാം. തുടർന്ന് എല്ലാവരും തെരുവിൽ ഒത്തുചേർന്ന് ഒന്പതു ദേവൻമാരുടെ ആത്മാക്കളോടു വിട പറയുന്നു.